Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉദ്യോഗസ്ഥരെ മാറ്റി...

ഉദ്യോഗസ്ഥരെ മാറ്റി ഒളിച്ചുകളിക്കുന്നു; യഥാർഥ കുറ്റവാളി സുരക്ഷിതനെന്നും രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul Gandhi
cancel

ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷ നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചയിൽ ഉദ്യോഗസ്ഥർക്കെതിരെ മാത്രമുള്ള നടപടി യഥാർഥ ഉത്തരവാദിയായ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉദ്യോഗസ്ഥരെ മാറ്റി മന്ത്രിയെ രക്ഷിക്കുന്ന ഇത്തരം നടപടികൾ യഥാർഥ ഉത്തരവാദിത്തമല്ലെന്നും ഇതൊരു ഒളിച്ചുകളി മാത്രമാണെന്നും രാഹുൽ എക്സിൽ കുറിച്ചു.

പ്രധാനമന്ത്രിക്ക് 18.5 ലക്ഷം വിദ്യാർഥികളുടെ കാര്യത്തിൽ യഥാർഥത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിൽ ധർമേന്ദ്ര പ്രധാനെ എപ്പോഴേ സ്ഥാനത്തുനിന്ന് നീക്കുമായിരുന്നു. വിഷയത്തിൽ സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും രാഹുൽ ആവശ്യപ്പെട്ടു. ‘സി.ബി.എസ്.ഇ (CBSE) ചെയർമാനെ മാറ്റി. സി.ബി.എസ്.ഇ സെക്രട്ടറിയെ മാറ്റി. ഒരു ഏകാംഗ 'അന്വേഷണ' സമിതി രൂപവത്കരിച്ചു. എന്നാൽ യഥാർഥ കുറ്റവാളിയായ ധർമേന്ദ്ര പ്രധാൻ സുരക്ഷിതനാണ്. ഉദ്യോഗസ്ഥരെ നീക്കം ചെയ്തു, മന്ത്രിയെ ഒഴിവാക്കി. ഇതൊരു ഉത്തരവാദിത്തമല്ല, മറിച്ച് ഒരു ഒളിച്ചുകളിയാണ്. ഞങ്ങളുടെ ആവശ്യം ഇന്നും അതേപടി തുടരുന്നു: വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കുകയും സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണം നടത്തുകയും വേണം -അനായാസം തള്ളിക്കളയാൻ ഇത് മോദി സർക്കാറിന്റെ മാസം പഴക്കമുള്ള ആഭ്യന്തര ഫയലുകളല്ല. പ്രധാനമന്ത്രിക്ക് 18.5 ലക്ഷം സി.ബി.എസ്.ഇ വിദ്യാർഥികളുടെ കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നെങ്കിൽ ധർമേന്ദ്ര പ്രധാനെ നേരത്തെ തന്നെ നീക്കുമായിരുന്നു’ -രാഹുൽ എക്സിൽ കുറിച്ചു.

സി.ബി.എസ്.ഇ ചെയർമാനെയും സെക്രട്ടറിയെയും മാറ്റിയ കേന്ദ്ര സർക്കാർ നടപടി രാഷ്ട്രീയ നേതൃത്വത്തെ രക്ഷിക്കാനുള്ള തന്ത്രം മാത്രമാണെന്നും യഥാർഥ നീതി നടപ്പാകാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു. ഓൺ-സ്‌ക്രീൻ മാർക്കിങ് സംവിധാനത്തിന്റെ കരാർ നടപടികളെക്കുറിച്ച് അന്വേഷിക്കാൻ ഏകാംഗ സമിതിയെ നിയോഗിച്ചത് ക്രമക്കേടുകൾ നടന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്. ഈ വലിയ അഴിമതി ഓൺലൈനിലൂടെ നിരന്തരം തുറന്നുകാട്ടിയ പുതിയ തലമുറയിലെ (ജെൻസി) വിദ്യാർഥികളുടെ കഴിവിനും പോരാട്ടവീര്യത്തിനും ലഭിച്ച അംഗീകാരമാണിത്.

പാർലമെന്ററി സമിതിയുമായുള്ള സി.ബി.എസ്.ഇ ബോർഡിന്റെ യോഗം കഴിഞ്ഞയുടൻ പുറത്തുവന്ന ഈ അടിയന്തര നടപടി, ജനശ്രദ്ധ തിരിച്ചുവിടാനും രാഷ്ട്രീയ നേതൃത്വത്തിനുപകരം ഉദ്യോഗസ്ഥർക്കുമേൽ മാത്രം ഉത്തരവാദിത്തം കെട്ടിവെക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ്. ലക്ഷക്കണക്കിന് യുവാക്കളുടെ ജീവിതം വെച്ച് പന്താടുന്ന തികച്ചും അഴിമതി നിറഞ്ഞതും അപ്രാപ്തവുമായ ഭരണസംവിധാനത്തിനാണ് വിദ്യാഭ്യാസ മന്ത്രി നേതൃത്വം നൽകുന്നത്. പരീക്ഷാ നടത്തിപ്പിലെ വൻ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം എത്രയും പെട്ടെന്ന് സ്ഥാനം ഒഴിഞ്ഞുപോകണമെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.

പരീക്ഷ നടത്തിപ്പിലെ വീഴ്ചയിൽ സി.ബി.എസ്.ഇ ബോർഡ് ചെയർമാനെയും സെക്രട്ടറിയെയും അടിയന്തരമായി സ്ഥലം മാറ്റി മുഖംരക്ഷിക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടായത്. ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെയാണ് തൽസ്ഥാനത്തുനിന്ന് നീക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരമാണ് നടപടി. ഡിജിറ്റൽ മൂല്യനിർണയത്തിലെ (ഓൺ സ്ക്രീൻ മാർക്കിങ്) പിഴവിനെ തുടർന്നാണ് നടപടി. വീഴ്ച അന്വേഷിക്കാൻ ഏകാംഗ സമിതിയും രൂപവത്കരിച്ചു. കപ്പാസിറ്റി ബിൽഡിങ് കമീഷൻ (സി.ബി.സി) ചെയർപേഴ്സൺ എസ്. രാധാ ചൗഹാനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. സി.ബി.എസ്.ഇയുടെ മൂല്യനിർണയ രീതികളെക്കുറിച്ചും പരീക്ഷാ ഫലത്തിനുശേഷമുള്ള തുടർനടപടികളെക്കുറിച്ചും രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് കേന്ദ്ര ഇടപെടൽ.

സി.ബി.എസ്.ഇ 12ാം ക്ലാസ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം. ഓൺ സ്‌ക്രീൻ മാർക്കിങ്ങിനായി ഉപയോഗിച്ച സോഫ്റ്റ്‌വെയറിലെ പിഴവാണ് മൂല്യനിർണയത്തെ ഗുരുതരമായി ബാധിച്ചത്. പിന്നാലെ റീവാല്യുവേഷൻ വേളയിൽ ലഭിച്ച ഉത്തരക്കടലാസുകൾ തങ്ങളുടേതല്ലെന്ന് പറഞ്ഞ് വിദ്യാർഥികൾ രംഗത്തുവന്നതും കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEcbse examRahul Gandhi
News Summary - Officials are being replaced; the real culprit is safe -Rahul Gandhi
Next Story