'ശ്രീ രംഗനാഥ സ്വാമി ക്ഷേത്ര' ഭൂമി തട്ടിപ്പിൽ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചു; ക്ഷേത്രം സ്ഥിതി ചെയ്യുന്നത് 156 ഏക്കറിൽ!
text_fieldsശ്രീ രംഗനാഥ സ്വാമി ക്ഷേത്രം
ചെന്നൈ: ലോകപ്രസിദ്ധമായ ശ്രീ രംഗനാഥ സ്വാമി ക്ഷേത്രത്തിന്റെ (ശ്രീരംഗം ക്ഷേത്രം) ഉടമസ്ഥതയിലുള്ള കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി വ്യാജരേഖകൾ ചമച്ച് തട്ടിയെടുത്ത സംഭവത്തിൽ തമിഴ്‌നാട് സർക്കാർ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള ഉന്നതതല അന്വേഷണത്തിന് തുടക്കം കുറിക്കുകയും ചെയ്തതായി ഹിന്ദു ധർമ്മസ്ഥാപന വകുപ്പ് മന്ത്രി എസ്. രമേഷ് അറിയിച്ചു.
ശ്രീരംഗം ക്ഷേത്രത്തിന് അവകാശപ്പെട്ട ഭൂമി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സ്വകാര്യ വ്യക്തികളുടെ പേരിലേക്ക് മാറ്റുകയും, നിലവിൽ ആ ഭൂമിയിൽ പ്രതിപക്ഷ പാർട്ടിയായ ഡി.എം.കെയുടെ പാർട്ടി ഓഫീസ് പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്. സംഭവത്തിൽ പ്രാദേശിക ഡി.എം.കെ ഭാരവാഹിയും സബ്-രജിസ്ട്രാർ ഉൾപ്പെടെയുള്ളവരും കേസിൽ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഭൂമി ക്ഷേത്രത്തിന്റേതാണെന്ന് തെളിയിക്കുന്ന 1866ലെ ടൈറ്റിൽ ഡീഡ്, യഥാർഥ ലാൻഡ് ഗ്രാൻ്റ് രേഖകൾ, 1910ലെ ഇനാം കമീഷണർ റിപ്പോർട്ട്, 1930ലെ 'എ' രജിസ്റ്റർ തുടങ്ങിയ പുരാതന രേഖകൾ മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ടു.
2020ൽ തന്നെ ഈ ഭൂമിയുടെ കൈമാറ്റമോ വിൽപ്പനയോ മറ്റ് ബാധ്യതകളോ ഉണ്ടാകരുതെന്ന് കാണിച്ച് ശ്രീരംഗം ക്ഷേത്ര ഭരണകൂടം രജിസ്ട്രേഷൻ വകുപ്പിന് ഔദ്യോഗികമായി കത്തുകൾ അയച്ചിരുന്നു. എന്നാൽ, ഇതൊക്കെ അവഗണിച്ചുകൊണ്ട് യഥാർഥ ആധാരം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് പുതുച്ചേരിയിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതികൾ വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി. ഈ വ്യാജരേഖ ഉപയോഗിച്ച് സാധാരണ രജിസ്ട്രേഷൻ നടപടികളെല്ലാം മറികടന്നാണ് ഭൂമി സ്വകാര്യ വ്യക്തികളുടെ പേരിലേക്ക് മാറ്റിയെഴുതിയത്. ഏകദേശം 50 കോടി രൂപ വിലമതിക്കുന്നതാണ് ഈ ഭൂമി.
സംഭവത്തിന് പിന്നിൽ ഉന്നതരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും പിന്തുണയുണ്ടെന്ന് മന്ത്രി എസ്. രമേഷ് ആരോപിച്ചു. സാധാരണയൊരു പാർട്ടി ഭാരവാഹിക്ക് മാത്രം ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് ഇത്രയധികം ഭൂമി കൈക്കലാക്കാൻ കഴിയില്ലെന്നും, ഇതൊരു 'ശാസ്ത്രീയ അഴിമതിയുടെ' (Scientific Corruption) വ്യക്തമായ ഉദാഹരണമാണെന്നും അദ്ദേഹം വിമർശിച്ചു.
വിഷയം പൂർണ്ണമായും സുതാര്യമായി അന്വേഷിക്കുമെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സമാനമായ രീതിയിൽ ഏതെങ്കിലും ക്ഷേത്ര ഭൂമികൾ കയ്യേറപ്പെട്ടിട്ടുണ്ടെങ്കിൽ പൊതുജനങ്ങൾ അതിനുള്ള വിശ്വാസയോഗ്യമായ തെളിവുകൾ നൽകണമെന്നും സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലുടനീളമുള്ള അന്യാധീനപ്പെട്ടുപോയ മുഴുവൻ മതപരമായ സ്വത്തുക്കളും തിരിച്ചുപിടിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

