ബി.എം.ഡബ്ല്യു ആവശ്യപ്പെട്ടു, ഡിസയർ വാങ്ങി നൽകാമെന്ന് കർഷകരായ മാതാപിതാക്കൾ; നിരാശയിൽ യുവാവ് ആത്മഹത്യ ചെയ്തു
text_fieldsഹൈദരാബാദ്: ബി.എം.ഡബ്ല്യു കാർ വാങ്ങി നൽകാൻ മാതാപിതാക്കൾ വിസമ്മതിച്ചതിനെ തുടർന്ന് തെലങ്കാനയിൽ 21കാരൻ ആത്മഹത്യ ചെയ്തു. സിദ്ദിപേട്ട് ജില്ലയിലെ ജാദേവ്പൂർ മണ്ഡലത്തിലെ ചത്‌ലപ്പള്ളി നിവാസിയായ ബൊമ്മ ജോണിയാണ് ആത്മഹത്യ ചെയ്തത്. മേയ് 30ന് കളനാശിനി കഴിച്ച യുവാവ് പിറ്റേന്ന് മുളുഗിലെ ആർ.എം.വി ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.
പത്താം ക്ലാസിൽ പഠനം ഉപേക്ഷിച്ച ജോണി നിരന്തരമായി ബി.എം.ഡബ്ല്യു കാർ ആവശ്യപ്പെട്ടിരുന്നു. കർഷകത്തൊഴിലാളികളായ മാതാപിതാക്കൾ മാരുതി സ്വിഫ്റ്റ് ഡിസയർ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ തന്‍റെ ആവശ്യം നിറവേറ്റിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് യുവാവ് മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് അറിയിച്ചു.
ഡിസയർ വാങ്ങാനായി കുടുംബം കാർ ഷോറൂമിൽ എത്തി. എന്നാൽ മാതാപിതാക്കളുടെ വാഗ്ദാനം ജോണി നിരസിക്കുകയായിരുന്നു. നിരാശയോടെയാണ് യുവാവ് വീട്ടിലേക്ക് മടങ്ങിയതെന്ന് റിപ്പോർട്ടുണ്ട്. പിന്നീട് വയലിൽ പോയി ഒരു കുപ്പി കളനാശിനി കഴിച്ചതായി മാതാപിതാക്കളെ അറിയിച്ചു.
അച്ഛനും സഹോദരനും ചേർന്ന് ജോണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോണി മദ്യത്തിന് അടിമയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചു. ആഡംബര ജീവിതം നയിക്കാൻ ആഗ്രഹിച്ചിരുന്ന ഇയാൾ മാതാപിതാക്കളെ അവരുടെ ഭൂമി വിറ്റ് ആഡംബര വീട് പണിയാൻ നിർബന്ധിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

