ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കേ നടത്തിയ പരിശോധനയിൽ 875 പേർക്ക് കോവിഡ് രോഗബാധ. മൂന്നാംതരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലായിരുന്നു കോവിഡ് പരിശോധന.
ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെയാണ് പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. 2847 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ 875പേർക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
രാജ്യസഭ സെക്രട്ടറിയറ്റുമായി ബന്ധപ്പെട്ട് 915 സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കി. ഇതിൽ 217 എണ്ണം പോസിറ്റീവായി. മൂന്നാം തരംഗം ആരംഭിച്ചതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പാർലമെന്റ് സമ്മേളനമെന്നും അധികൃതർ അറിയിച്ചു.
നേരത്തേ, രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവിഡ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ ഹൈദരാബാദിലാണ് അദ്ദേഹം. ഒരാഴ്ച നിരീക്ഷണത്തിൽ തുടരും.