റിപ്പബ്ലിക് ദിനത്തിലെ മാംസാഹാര നിരോധനം; വിവാദമായതോടെ പിൻവലിച്ച് കോരാപുത് ജില്ല ഭരണകൂടം
text_fieldsഭുവനേശ്വർ: റിപ്പബ്ലിക് ദിനത്തിൽ മാംസാഹാരം വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് ഒഡീഷയിലെ കോരാപുത് ജില്ലാ ഭരണകൂടം പിൻവലിച്ചു. ജില്ലാതല റിപ്പബ്ലിക് ദിന തയാറെടുപ്പ് സമിതിയുടെ നിർദ്ദേശപ്രകാരമാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. ഭരണകൂടം പുറപ്പെടുവിച്ച പുതിയ വിജ്ഞാപനത്തിൽ ഇത് റദ്ദാക്കിയതായി അറിയിച്ചു. റിപ്പബ്ലിക് ദിനത്തിൽ ആദരസൂചകമായി സസ്യാഹാരം തെരഞ്ഞെടുക്കണമെന്നായിരുന്നു ഭരണകൂടം ആവശ്യപ്പെട്ടത്. ജില്ലയിലെ എല്ലാ തഹസിൽദാർമാർക്കും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസർമാർക്കും എക്‌സിക്യൂട്ടീവ് ഓഫിസർമാർക്കും ഇത് സംബന്ധിച്ച നിർദേശം കലക്ടറും ജില്ലാ മജിസ്‌ട്രേറ്റും നൽകി. ജില്ലയിൽ ഉടനീളം നിരോധനം കർശനമായി നടപ്പിലാക്കാൻ നിർദ്ദേശത്തിൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച കോരാപുത് ജില്ല കലക്ടർ മനോജ് സത്യവാൻ മഹാജനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ജില്ല കലക്ടർക്ക് അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരമില്ലെന്ന് പലരും സോഷ്യൽ മീഡിയയിൽ പറഞ്ഞു. റിപ്പബ്ലിക് ദിനം ഒരു മതപരമായ ആഘോഷമല്ലെന്നും മറിച്ച് ഒരു ദേശീയ ഉത്സവമാണെന്നും ചൂണ്ടിക്കാട്ടി നിരോധനത്തിൽ നിരവധിപ്പേർ ആശങ്ക പ്രകടിപ്പിച്ചു. സമ്പൂർണ നിരോധനത്തിന് പകരം, മാംസാഹാരശാലകളുടെ പ്രവർത്തനം നിയന്ത്രിക്കാനും തിരക്ക് നിയന്ത്രിക്കാനും ക്രമസമാധാനം നിലനിർത്താനും ഭരണകൂടത്തിന് കഴിയുമായിരുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു. ഉത്തരവ് വിവാദമായതോടെയാണ് പിൻവലിച്ചത്.
കഴിഞ്ഞ വർഷം മഹാരാഷ്ട്രയിലെ കല്യാൺ-ഡോംബിവ്‌ലി, മാലേഗാവ്, ഛത്രപതി സംഭാജി നഗർ, നാഗ്പൂർ എന്നിവിടങ്ങളിൽ സ്വാതന്ത്ര്യദിനത്തിൽ മാംസ വിൽപ്പന മുനിസിപ്പൽ അധികൃതർ നിരോധിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. 2014ൽ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി അസം സർക്കാർ മാംസാഹാര ഭക്ഷണങ്ങളുടെ വിൽപ്പന നിരോധിച്ചു. മഹാവീർ ജയന്തി ദിനത്തിൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ നഗരത്തിലെ എല്ലാ മാംസക്കടകളും അറവുശാലകളും അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. 2025-ൽ, ഇൻഡോർ മുനിസിപ്പൽ ബോഡി ഹിന്ദു, ജൈന മതപരമായ ഉത്സവ ദിവസങ്ങളിൽ മാംസത്തിന്റെയും മത്സ്യത്തിന്റെയും വിൽപ്പന നിരോധിച്ചു. തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള ഇത്തരം കടന്നുകയറ്റങ്ങൾ ആശങ്കകൾ ഉയർത്തുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

