ട്രെയിൻ ദുരന്തം: കർണാടക യാത്രക്കാരുടെ കോച്ചുകൾ മാറ്റി ഘടിപ്പിച്ചത് ജീവിതത്തിലേക്ക്
text_fieldsമംഗളൂരു: ഒഡിഷ ട്രെയിൻ ദുരന്ത മുഖത്ത് കർണാടകയിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസമായി കോച്ചുകളുടെ സ്ഥാനമാറ്റം. ബംഗളൂറുവിൽ നിന്നും ചിക്കമംഗളൂരു ജില്ലയിലെ കലാസടൗണിൽ നിന്നും കയറിയവർ സഞ്ചരിച്ച എസ്-05, എസ്-06, എസ്-07 കോച്ചുകളുടെ സ്ഥാനം അപകടത്തിന് മുമ്പേ മാറ്റിയിരുന്നു.
നേരത്തെ, പിന്നിലായിരുന്ന ഈ കോച്ചുകൾ എഞ്ചിൻ മാറ്റിയതിന്റെ ഭാഗമായി മുന്നിലാവുകയായിരുന്നു. പിന്നിലെ നാലു കോച്ചുകളാണ് അപകടത്തിൽ തകർന്നത്.
ബംഗളൂരു-ഹൗറ എക്സ്പ്രസ് ട്രെയിനിൽ കർണാടകയിൽ നിന്ന് 110 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് റെയിൽവേ ഡി.ഐ.ജി ശശികുമാർ മാധ്യമങ്ങളെ അറിയിച്ചു. 23 കോച്ചുകളിൽ മൂന്നെണ്ണമാണ് തകർന്നത്. ഇതിൽ കർണാടക സ്വദേശികൾ ഉൾപ്പെട്ടതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
നാല് കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡെസ്ക് തുറന്നിട്ടുണ്ട്. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സംഘത്തെ ഒഡിഷയിൽ സംഭവസ്ഥലത്ത് അയച്ചതായും ഡി.ഐ.ജി പറഞ്ഞു.
ഒഡിഷയിലെ ബാലസോറിൽ പാളം തെറ്റിയ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസിലേക്ക് കോറമണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ മരണസംഖ്യ 280 ആയി ഉയർന്നു. 900 പേർക്ക് പരിക്കേറ്റതായാണ് അവസാന റിപ്പോർട്ട്. മരണസംഖ്യ ഉയരാനാണ് സാധ്യത.