ട്രെയിൻ ദുരന്തം: 19 യാത്രക്കാരെ കാണാനില്ലെന്ന് ബിഹാർ
text_fieldsപട്ന: ഒഡിഷയിലെ കോറമാണ്ഡൽ എക്സ്പ്രസ് തീവണ്ടിയപകടത്തിൽ ബിഹാറിൽനിന്നുള്ള 19 യാത്രക്കാരെ കാണാനില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ സേന. ബിഹാറിൽനിന്നുള്ള 50 പേരാണ് അപകടത്തിൽ മരിച്ചത്. 43 പേർക്ക് പരിക്കേറ്റിരുന്നു. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്തവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കിയതിൽ 12 പേർ ബിഹാർ സ്വദേശികളാണെന്ന് തെളിഞ്ഞിരുന്നു. ഉദ്യോഗസ്ഥ സംഘത്തെ ബിഹാർ സർക്കാർ ഒഡിഷയിലേക്ക് അയച്ചിട്ടുണ്ട്.
അതേസമയം, ഒഡിഷ ട്രെയിന്‍ ദുരന്തം അന്വേഷിക്കുന്ന സി.ബി.ഐ സംഘം റെയില്‍വേ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. അപകടദിവസം ബഹനാഗ സ്റ്റേഷനില്‍ ജോലിയില്‍ ഉണ്ടായിരുന്ന ആറ് ജീവനക്കാരുടെ മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. സ്റ്റേഷന് മാസ്റ്റര്‍ എസ്.ബി. മൊഹന്തി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു.
കോള്‍ റെക്കോഡുകള്‍, വാട്സ് ആപ്പ് കോളുകള്‍, സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങിയവയെല്ലാം സിബിഐ പരിശോധിച്ചു വരികയാണ്. ഇന്റർലോക്കിങ് സിഗ്നൽ സംവിധാനത്തിലുണ്ടായ തകരാറ് മാത്രമാണോ അപകടകാരണമായാതെന്ന് പരിശോധിക്കും. അപകടമുണ്ടായ ബഹനാഗ റെയില്‍വേ സ്റ്റേഷനില്‍ സിബിഐ സംഘവും ഫോറന്‍സിക് ടീമും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.