ഫീസടച്ചില്ല; വിദ്യാർഥികളെ അഞ്ച് മണിക്കൂർ ലൈബ്രറിയിൽ പൂട്ടിയിട്ടു, പൊലീസ് കേസ്
text_fieldsന്യൂഡൽഹി: ഫീസടക്കാത്തതിന് വിദ്യാർഥികളെ ലൈബ്രറിയിൽ അഞ്ച് മണിക്കൂർ പൂട്ടിയിട്ട സ്കൂൾ അധികൃതർക്കെതിരെ കേസ്. ഒഡീഷയിലെ അപിജേ സ്കൂളിന്റെ സി.ഇ.ഒ, വൈസ് പ്രിൻസിപ്പൽ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഐ.പി.സി സെക്ഷൻ 342, 34 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
34 കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നൽകിയത്. മൂന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികളെയാണ് ഇത്തരത്തിൽ പൂട്ടിയിട്ടത്. സ്കൂൾ സമയത്ത് ഒമ്പതര മുതൽ ഉച്ചക്ക് രണ്ടര വരെയാണ് വിദ്യാർഥികളെ പൂട്ടിയിട്ടത്.
അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ പിതാവ് മകൻ വിഷമത്തോടെയാണ് വീട്ടിൽ വന്നതെന്ന് അറിയിച്ചു. തുടർന്ന് മകനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് സ്കൂൾ ലൈബ്രറിയിൽ പൂട്ടിയിട്ട വിവരം അറിഞ്ഞത്. സ്കൂളിന് അടുത്ത് തന്നെയാണ് എന്റെ താമസം. അവർക്ക് എന്നെ ഫോണിൽ വിളിച്ചാൽ മതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 15ാം തീയതിയാണ് ഫീസടക്കാനുള്ള മെയിൽ ലഭിച്ചത്. എന്റെ മകളെ അവർ എന്തിനാണ് പൂട്ടിയിട്ടതെന്ന് അറിയില്ല. മകൾ വീട്ടിലെത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്ന് നാലാം ക്ലാസുകാരിയുടെ മാതാവ് പ്രതികരിച്ചു.
തിങ്കളാഴ്ച തന്നെ മകന്റെ ഫീസടച്ചുവെന്നും ഫീസടക്കാനായി താൻ സ്കൂളിലെത്തുമ്പോൾ കുട്ടിയെ പൂട്ടിയിട്ട നിലയിലായിരുന്നുവെന്നും ഒമ്പതാം ക്ലാസുകാരന്റെ രക്ഷിതാവ് പ്രതികരിച്ചു. അതേസമയം, സംഭവത്തിൽ സ്കൂൾ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

