പാസ്റ്ററെ മർദിച്ച് ബലമായി ചാണകം തീറ്റിച്ചു, ജയ് ശ്രീ റാം വിളിപ്പിച്ചും ഹിന്ദുത്വരുടെ മർദനം, സംഭവം ഒഡീഷയിൽ
text_fieldsപർജാങ് (ഒഡീഷ): പാസ്റ്ററെ ജയ് ശ്രീ റാം വിളിപ്പിച്ചും ബലമായി ചാണകം തീറ്റിപ്പിച്ചും ഹിന്ദുത്വരുടെ അതിക്രമം. ഒഡീഷയിലെ ധെങ്കനാൽ ജില്ലയിലെ പർജാങ് ഗ്രാമത്തിലാണ് സംഭവം.
ജനുവരി നാലിന് നടന്ന ഞെട്ടിക്കുന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനാണ് ഹിന്ദുത്വരുടെ ക്രൂര മർദനമേറ്റത്. പാസ്റ്റർ നായികും ഭാര്യ സിസ്റ്റർ വന്ദനയും ഏതാനും കുടുംബങ്ങളും വീട്ടിൽ പ്രാർഥന നടത്തുന്നതിനിടെ 40ഓളം പേരടങ്ങുന്ന സംഘം വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്നവരെയെല്ലാം സംഘം ക്രൂരമായി മർദിച്ചു.
ഇതിനിടെ സംഘത്തിന്‍റെ കൈയിൽനിന്ന് രക്ഷപ്പെട്ട വന്ദനയും മക്കളും ഓടി സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി. വിവരം അറിയിച്ചെങ്കിലും പൊലീസ് ഏറെ വൈകിയാണ് സ്ഥലത്തെത്തിയത്. ഇതിനിടെ ആൾക്കൂട്ടം പാസ്റ്ററെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോയശേഷം ജയ് ശ്രീറാം വിളിക്കാൻ പറഞ്ഞ് വടി കൊണ്ട് മർദിച്ചു. ബലമായി ചാണകവും തീറ്റിപ്പിച്ചു. മുഖത്ത് ചുവന്ന സിന്ദൂരം പുരട്ടുകയും കഴുത്തിൽ ചെരിപ്പ് മാലയും അണിയിച്ച് നായിക്കിനെ രണ്ട് മണിക്കൂറോളം ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. പിന്നാലെ ഒരു ക്ഷേത്രത്തിന് സമീപം കെട്ടിയിട്ടും മർദനം തുടർന്നു.
ഭർത്താവിനെ കാണുമ്പോൾ മുഖത്തുനിന്ന് ഉൾപ്പെടെ ചോര വർന്നൊലിക്കുന്ന നിലയിലായിരുന്നുവെന്ന് വന്ദന പറയുന്നു. പൊലീസ് ഇടപെട്ടിട്ടും സംഘം മർദനം നിർത്തിയില്ല. ഏറെ നേരം കഴിഞ്ഞാണ് അക്രമി സംഘത്തിൽനിന്ന് നായിക്കിനെ പൊലീസ് രക്ഷപ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വൈദ്യ സഹായമൊന്നും നൽകാതെ നായിക്കിനെ സ്റ്റേഷനിൽ ഒരു മണിക്കൂറോളം നേരം ഇരുത്തിയതായി സമൂഹിക പ്രവർത്തകർ ആരോപിച്ചു.
പർജാങ് ഹിന്ദു ഭൂരിപക്ഷ ഗ്രാമമാണ്. ഏഴു ക്രിസ്ത്യൻ കുടുംബങ്ങൾ മാത്രമാണ് ഇവിടെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

