ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ഒഡിഷ വനത്തിൽ; കടൽ മാർഗം ഇന്ത്യയിൽ എത്തിച്ചതാകാമെന്ന് നിഗമനം
text_fieldsഭുവനേശ്വർ: ഇന്ത്യയിൽ കാണപ്പെടാത്ത അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങളെ ഒഡീഷയിലെ ബാലസോർ ജില്ലയിൽ കണ്ടെത്തിയ സംഭവത്തിൽ വ്യാപക അന്വേഷണം. ഒറാങ്ങുട്ടാനുകളെ കടൽ മാർഗം ഇന്ത്യയിൽ എത്തിച്ചതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. വനമേഖലയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയ കറുത്ത മഹീന്ദ്ര ഥാർ വാഹനം കേന്ദ്രീകരിച്ചാണ് അന്വേഷണം.
പശ്ചിമ ബംഗാളിലെ ദിഘയിലേക്കും കൊൽക്കത്തയിലേക്കും അന്വേഷണം നീളുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കടൽ മാർഗം ഇന്ത്യയിൽ എത്തിച്ചിരിക്കാമെന്ന നിഗമനത്തിൽ കോസ്റ്റ് ഗാർഡും പരിശോധന നടത്തുന്നതായാണ് വിവരം.
ഇന്ത്യയിൽ സ്വാഭാവികമായി കാണപ്പെടാത്ത ഒറാങ്ങൂട്ടാൻ കുഞ്ഞുങ്ങളെ കണ്ടെത്തിയതിന് പിന്നിൽ വന്യജീവി കടത്ത് ശൃംഖലക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. സെപ്റ്റംബർ എട്ടിനാണ് ബാലസോർ ജില്ലയിലെ ഭോഗ്‌റായ് മേഖലയിലെ ബിചിത്രാപൂർ -ബഡാപായ് വനപ്രദേശത്തെ കാസുവറിന തോട്ടത്തിൽ അഞ്ച് കുഞ്ഞ് ഒറാങ്ങുട്ടാനുകളെ കണ്ടെത്തിയത്. നാട്ടുകാരാണ് ഇവയെ ആദ്യം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുകയും ആരോഗ്യ പരിശോധന നടത്തുകയും ചെയ്തതിന് ശേഷം ഇവയെ ഭുവനേശ്വറിലെ നന്ദൻകാനൻ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. ആറുമാസം മുതൽ ഒരു വയസ്സ് വരെ പ്രായമുള്ളവയാണ് കുഞ്ഞുങ്ങളെന്നാണ് വിവരം. ഒറാങ്ങുട്ടാനുകളെ കണ്ടെത്തിയ പ്രദേശത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ കറുത്ത മഹീന്ദ്ര ഥാർ എസ്.യു.വി കണ്ടെത്തിയിരുന്നു. ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങളെ വനത്തിൽ ഈ വാഹനങ്ങളിലാണ് എത്തിച്ചതെന്നാണ് സംശയം. ഒഡീഷ പൊലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സും വനംവകുപ്പും ചേർന്നാണ് അന്വേഷണം നടത്തുന്നത്.
ഇന്ത്യയിൽ സ്വാഭാവികമായി കാണപ്പെടുന്ന ജീവികളല്ല ഒറാങ്ങുട്ടാനുകൾ. തെക്കുകിഴക്കൻ ഏഷ്യയിലെ ബോർണിയോ, സുമാത്ര ദ്വീപുകളാണ് ഇവയുടെ പ്രധാന സ്വാഭാവിക ആവാസകേന്ദ്രങ്ങൾ. അതിനാൽ ഇന്ത്യയിൽ ഇവയെ വന്യജീവി കള്ളക്കടത്ത് വഴി എത്തിച്ചതാകാമെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

