Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എ.എസ് ഉദ്യോഗസ്ഥന് നേരെ വധഭീഷണി; ഒഡിഷയിലെ ബിജെപി എം.എൽ.എക്കെതിരെ കേസ്

text_fields
bookmark_border
india news
cancel
camera_alt

അസിക ബി.ജെ.പി എം.എൽ.എ സരോജ് പാന്ധി

ഭുവനേശ്വർ: ഒഡിഷയിലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ ബി.ജെ.പി എം.എൽ.എ കൈയേറ്റം ചെയ്തെന്നും വധഭീഷണി മുഴക്കിയെന്നും പരാതി. ഗഞ്ചം ജില്ല പഞ്ചായത്ത് ചീഫ് ഡവലപ്‌മെന്റ് ഓഫിസറും എക്സിക്യൂട്ടിവ് ഓഫിസറുമായ സമീർ കുമാർ ജേനയാണ് അസിക ബി.ജെ.പി എം.എൽ.എ സരോജ് പാന്ധിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. സംഭവത്തെ തുടർന്ന് താൻ കടുത്ത മാനസിക ആഘാതത്തിലാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അസിക മേഖലയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന സമീർ കുമാർ ജേനയുടെ ഓഫിസിലെത്തി എം.എൽ.എ സരോജ് പാന്ധി ബഹളം വെക്കുകയായിരുന്നു. ദുരിതാശ്വാസ സാമഗ്രികളുടെ വിതരണത്തെച്ചൊല്ലിയാണ് എം.എൽ.എ പ്രകോപിതനായത്. മന്ത്രി ബിഭൂതി ജേനയുടെ നിർദേശപ്രകാരമാണ് സാധനങ്ങൾ എത്തിച്ചതെന്നും അർഹരായവർക്ക് വിതരണം ചെയ്തെന്നും ഉദ്യോഗസ്ഥൻ വിശദീകരിച്ചെങ്കിലും എം.എൽ.എ ഇത് അംഗീകരിക്കാൻ തയാറായില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

താൻ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്ന് വ്യക്തമാക്കിയിട്ടും എം.എൽ.എ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കൂടാതെ, ഓഫിസിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ട് എം.എൽ.എ തട്ടിക്കയറുകയും ചെയ്തു. ഈ സംഭവങ്ങൾ ഓഫിസിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.

സംഭവത്തിനുപിന്നാലെ അസിക മുൻസിപ്പാലിറ്റി ഇ.ഒ രാജേഷ് കുമാർ വകുപ്പ് സ്ഥലം മാറ്റിയിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ പരാതിയിൽ അന്വേഷണം നടത്തിവരികയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഗഞ്ചം എസ്.പി ഹരീഷ ബി.സി വ്യക്തമാക്കി. എന്നാൽ, സംഭവത്തിൽ തെറ്റിധാരണകൾ മാത്രമാണ് ഉണ്ടായതെന്നും, ഉദ്യോഗസ്ഥനുമായി സംസാരിച്ച് പ്രശ്നം പരസ്പരം സംസാരിച്ച് തീർത്തതാണെന്നുമാണ് എം.എൽ.എ സരോജ് പാന്ധിയുടെ പ്രതികരണം. പ്രളയ തിരക്കുകൾക്കിടയിലുണ്ടായ ചെറിയൊരു സംഭവമാണിതെന്ന നിലപാടിലാണ് എം.എൽ.എ. കഴിഞ്ഞ സെപ്റ്റംബറിലും സരോജ് പാന്ധിയുടെ അനുയായികൾ ഒരു വനിതാ സർപഞ്ചിനോട് മോശമായി പെരുമാറിയത് വിവാദമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Odisha IAS Officer Files Complaint Against BJP MLA for Death Threats
Next Story