മാവോവാദികൾക്ക് പുതുക്കിയ കീഴടങ്ങൽ നയവുമായി ഒഡിഷ സർക്കാർ
text_fieldsഡയറക്ടർ ജനറൽ ഓഫ് പൊലീസ് വൈ.ബി. ഖുറാന കണ്ഡമാലിലെ മാവോവാദി ബാധിത പ്രദേശം നിരീക്ഷിക്കുന്നു
കണ്ഡമാൽ: സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങാൻ മാവോവാദികൾക്ക് അവസരമൊരുക്കുകയാണ് ഒഡിഷ സർക്കാർ. അവർക്കായി പുതുക്കിയ പുനരധിവാസ, കീഴടങ്ങൽ നയം പ്രഖ്യാപിച്ചു. ആയുധങ്ങളുമായി കീഴടങ്ങുന്നവർക്ക് മെച്ചപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ പുതുക്കിയ മാർഗനിർദേശങ്ങളുമായി പൊരുത്തപ്പെടുന്ന ഈ നയം, അക്രമം ഉപേക്ഷിക്കാൻ മാവോവാദി സംഘങ്ങെള പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇടതുപക്ഷ തീവ്രവാദം നിയന്ത്രിക്കുന്നതിലും ഇല്ലാതാക്കുന്നതിലുമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വ്യാഴാഴ്ച പുറത്തിറക്കിയ സംസ്ഥാന സർക്കാർ വിജ്ഞാപനത്തിൽ, കടുത്ത ഇടതുപക്ഷ തീവ്രവാദ സംഘത്തെ ഒഴിവാക്കി സംസ്ഥാനത്തെ തീവ്രവാദത്തെ നിയന്ത്രിക്കുകയും ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് കീഴടങ്ങൽ, പുനരധിവാസ നയത്തിെൻറ ലക്ഷ്യം. കീഴടങ്ങുന്ന മാവോവാദികൾക്ക് ലാഭകരമായ തൊഴിലും സംരംഭക അവസരങ്ങളും നൽകുകയും അവർ തീവ്രവാദത്തിലേക്ക് മടങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയും നയം ലക്ഷ്യമിടുന്നു.
ഒഡിഷ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് വൈ.ബി. ഖുറാനിയ മാവോവാദി ബാധിത പ്രദേശമായ കണ്ഡമാലിൽ കഴിഞ്ഞയാഴ്ച സന്ദർശനം നടത്തി. വിമതരുമായി പോരാടാനുള്ള പൊലീസിന്റെ തയാറെടുപ്പ് അദ്ദേഹം അവലോകനം ചെയ്തു. 2026 മാർച്ചോടെ ഒഡിഷ മാവോവാദി മുക്തമാകുമെന്ന് ഖുറാനിയ ഉറപ്പിച്ചു പറഞ്ഞിരുന്നു.
പുതുക്കിയ ധാരണപ്രകാരം കീഴടങ്ങിയവരെ രണ്ട് ഗ്രൂപ്പുകളാക്കി - കാറ്റഗറി എ, കാറ്റഗറി ബി. സാമ്പത്തിക സഹായപരിധി രണ്ടരലക്ഷത്തിൽനിന്ന് അഞ്ചുലക്ഷമാക്കി. കീഴടങ്ങുന്ന കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് കാറ്റഗറി എ യിൽ അഞ്ചു ലക്ഷം ലഭിക്കും. ആദ്യം 50,000 രൂപ പണമായി നൽകും നാലര ലക്ഷം രൂപ സ്ഥിര നിക്ഷേപമായും നൽകും.പ്രാദേശിക പൊലീസ് സ്റ്റേഷനുകൾ അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അതത് ജില്ല പൊലീസ് സൂപ്രണ്ടുമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്രരാക്കുകയുംചെയ്യും.പാർട്ടി അംഗങ്ങൾ, പ്രാദേശിക ഗറില്ല സ്ക്വാഡ് അംഗങ്ങൾ, ഡിവിഷനൽ കമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങുന്ന കാറ്റഗറി ബി മാവോവാദികൾക്ക് രണ്ടരലക്ഷം ലഭിക്കും. കാറ്റഗറി എ യുടെ അതേ ഘടനയിലായിരിക്കും ധനവിതരണം.
ആയുധങ്ങളുമായി കീഴടങ്ങാൻ കേഡർമാരെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, സംസ്ഥാന സർക്കാർ പ്രത്യേക സാമ്പത്തിക പ്രതിഫലം നിശ്ചയിച്ചിട്ടുണ്ട്. ലൈറ്റ് മെഷീൻ ഗൺ കേഡറിന് 4.5 ലക്ഷം, എകെ-47, ട്രിച്ചി അസോൾട്ട് റൈഫിൾ കേഡറിന് 3.3 ലക്ഷം ലഭിക്കും. രണ്ട് ഇഞ്ച് മോർട്ടാർ 2.75 ലക്ഷം, ഒരു ഇൻസാസ് റൈഫിൾ 1.65 ലക്ഷം, 3 നോട്ട് 3 റൈഫിൾ 82,500. ഓരോ വെടിയുണ്ടകൾക്കും 55 രൂപ, ഒരു കിലോ സ്ഫോടകവസ്തു 1,100, ഗ്രനേഡുകൾ, ജലാറ്റിൻ സ്റ്റിക് 550 രൂപയും ലഭിക്കും. അന്ത്യോദയ ഗൃഹപദ്ധതി പ്രകാരം ഭവന നിർമാണം, ഭക്ഷ്യ പദ്ധതികൾ,സബ്‌സിഡിയുള്ള റേഷൻ, ആരോഗ്യ കാർഡുകൾ എന്നിവ ഉൾപ്പെടുന്നു. വിവാഹത്തിന് 25,000 രൂപയും ലഭിക്കും.
കീഴടങ്ങുന്നവർ അവരുടെ കൂട്ടാളികളുടെയും സാമ്പത്തിക ശൃംഖലകളുടെയും വിതരണ ശൃംഖലകളുടെയും വിശദാംശങ്ങൾ വെളിപ്പെടുത്തുകയും കുറ്റകൃത്യങ്ങൾ ഏറ്റുപറയുകയും മാധ്യമങ്ങളിലൂടെ സ്വമേധയാ കീഴടങ്ങുന്നതിന്റെ പരസ്യ പ്രഖ്യാപനം നടത്തുകയും വേണം. കീഴടങ്ങുന്ന മാവോവാദികൾക്ക് സാങ്കേതിക വിദ്യാഭ്യാസം നേടാൻ ഹ്രസ്വകാല പരിശീലന പരിപാടികളിൽ സൗജന്യ പ്രവേശനം, പോളിടെക്നിക് സ്ഥാപനങ്ങളിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ ചേരാൻ പ്രോത്സാഹിപ്പിക്കും. 36 മാസത്തേക്ക് സംസ്ഥാനം10,000 രൂപ പ്രതിമാസ സ്റ്റൈപൻഡ് നൽകും, ജോലിയോ മറ്റ് ലാഭകരമായ തൊഴിലോ ലഭിച്ചാൽ സ്റ്റൈപൻഡ് നിർത്തലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

