ശൈശവ വിവാഹത്തെ എതിർത്തതിന് ഒഡീഷയിലെ ദലിത് കുടുംബത്തിന് ഊരുവിലക്കെന്ന്; ആരോപണം നിഷേധിച്ച് പൊലീസ്
text_fieldsബാലസോർ: ശൈശവവിവാഹത്തെ എതിർത്തതിന് ഒഡീഷയിൽ ദലിത് കുടുംബത്തിന് ഊരുവിലക്കെന്ന് ആരോപണം. ബാലസോർ ജില്ലയിലെ ബാലിയ പതി ഗ്രാമത്തിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത മകളുടെ വിവാഹം നടത്താൻ വിസമ്മതിച്ചതിന്‍റെ പേരിൽ കഴിഞ്ഞ മൂന്ന് വർഷമായി ഗ്രാമവാസികളുടെ ബഹിഷ്കരണം നേരിടുന്നതായി കുടുംബം ആരോപിച്ചു. എന്നാൽ, ആഭ്യന്തര തർക്കത്തിൽ നിന്നാണ് പ്രശ്നം ഉണ്ടായതെന്ന് പറഞ്ഞ് പൊലീസ് എല്ലാ അവകാശവാദങ്ങളും നിഷേധിച്ചു.
റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് വർഷമായി കുടുംബത്തിന് ഭക്ഷണം, വെള്ളം, ക്ഷേത്ര പ്രവേശനം, ചന്തകൾ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മറ്റൊരു ഗ്രാമത്തിൽ നിന്നുള്ള ഒരാൾ മകളെ തട്ടിക്കൊണ്ടുപോയതായും അവിടെ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയതിനെ തുടർന്നാണ് ദമ്പതികൾ ഈ പീഡനത്തിന് ഇരയായതന്നുമാണ് വിവരം. മകൾ തിരിച്ചെത്തിയ ശേഷം, അവളെ തട്ടിക്കൊണ്ടുപോയ ആളുമായി വിവാഹം കഴിപ്പിക്കാൻ ഗ്രാമവാസികൾ ദമ്പതികളെ നിർബന്ധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ തന്‍റെ മകൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് പിതാവ് വിവാഹ ആവശ്യത്തെ തള്ളിക്കളഞ്ഞു. ഇതാണ് ഗ്രാമത്തിലുള്ളവർ അവരോട് ശത്രുത പുലർത്താൻ കാരണമെന്നാണ് റിപ്പോർട്ട്. ജൂൺ 14ന് ഗ്രാമവാസികൾ മൂലമുണ്ടായ 'മാനസിക പീഡന'ത്തെക്കുറിച്ച് കുട്ടി പൊലീസിൽ പരാതി നൽകി. എന്നാൽ കുട്ടിയുടെ പിതാവും ഗ്രാമത്തലവനും തമ്മിൽ അടുത്തിടെയുണ്ടായ തർക്കമാണ് പരാതിക്ക് കാരണമെന്ന് പറഞ്ഞുകൊണ്ട് പൊലീസ് എല്ലാ അവകാശവാദങ്ങളും നിഷേധിച്ചുവെന്ന് സിയാസത് റിപ്പോർട്ട് ചെയ്യുന്നു.
അന്ന് 14 വയസ്സുകാരിയായ പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് അടുത്ത ഗ്രാമത്തിലെ വ്യക്തിയോടൊപ്പം പോയതെന്നും അത് തട്ടിക്കൊണ്ട് പോകലല്ലെന്നും പൊലീസ് പറയുന്നു. ആ യുവാവ് ഇപ്പോൾ മറ്റൊരു വിവാഹം കഴിച്ചതായും അധികൃതർ വ്യക്തമാക്കി. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പോലെ മൂന്ന് വർഷത്തെ വിലക്ക് ഉണ്ടായിട്ടില്ലെന്നും ദിവസങ്ങൾ മാത്രമാണ് അത് നീണ്ടുനിന്നതെന്നും പൊലീസ് അവകാശപ്പെടുന്നു. വിഷയത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഗ്രാമവാസികളുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

