Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഐ.ആർ വിവാദത്തിനിടെ ഒഡീഷ സി.ഇ.ഒയുടെ പടിയിറക്കം; സർക്കാരിനെതിരെ സംശയമുയർത്തി പ്രതിപക്ഷം; 27.5 ലക്ഷം വോട്ടുകൾ വെട്ടിയെന്ന് പരാതി

text_fields
bookmark_border
Odisha Chief Electoral Officer RS Gopalan IAS who applied for voluntary retirement from service.
cancel
camera_alt

ആർ.എസ്. ഗോപാലൻ

ഭുവനേശ്വർ: ഒഡീഷ ചീഫ് ഇലക്ടറൽ ഓഫീസറും (സി.ഇ.ഒ) മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ആർ.എസ്. ഗോപാലൻ അപ്രതീക്ഷിതമായി സ്വയം വിരമിക്കലിന് (വി.ആർ.എസ്) അപേക്ഷ നൽകിയതിൽ ദുരൂഹതയാരോപിച്ച് പ്രതിപക്ഷ പാർട്ടികളായ ബിജു ജനതാദളും (ബി.ജെ.ഡി) കോൺഗ്രസും. സംസ്ഥാനത്തെ വോട്ടർപട്ടിക പുതുക്കലുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് വൻ രാഷ്ട്രീയ വിവാദങ്ങൾ പുകയുന്നതിനിടെയാണ് ഗോപാലന്റെ അപ്രതീക്ഷിത പടിയിറക്കം. വിരമിക്കാൻ രണ്ട് വർഷത്തിൽ താഴെ മാത്രം ബാക്കിനിൽക്കെ ഒരു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ വി.ആർ.എസ് തിരഞ്ഞെടുക്കണമെങ്കിൽ ഭരണതലത്തിൽ നിന്ന് കടുത്ത സമ്മർദ്ദമുണ്ടായിരിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

ബി.ജെ.ഡി നേതാവും മുൻ മന്ത്രിയുമായ അരുൺ കുമാർ സാഹുവാണ് വിഷയത്തിൽ ആദ്യം ചോദ്യങ്ങളുയർത്തിയത്. പുറമെ കാണുന്നതുപോലെ കാര്യങ്ങൾ സുതാര്യമല്ലെന്നും കടുത്ത രാഷ്ട്രീയ സമ്മർദ്ദം മൂലമാണ് അദ്ദേഹം രാജിവെച്ചതെന്നും സാഹു ആരോപിച്ചു. മുൻ ഭുവനേശ്വർ ഡി.സി.പി ജഗ്‌മോഹൻ മീണ ഐ.പി.എസ് അടുത്തിടെ വി.ആർ.എസ് എടുത്തത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, രണ്ട് പ്രമുഖ അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർ പെട്ടെന്ന് സർവീസിൽ നിന്ന് സ്വയം വിരമിക്കുന്നത് ബി.ജെ.പി ഭരണത്തിന് കീഴിൽ ഉദ്യോഗസ്ഥർ അനുഭവിക്കുന്ന അസഹ്യമായ വീർപ്പുമുട്ടലിന്റെ തെളിവാണെന്ന് കുറ്റപ്പെടുത്തി.

27.5 ലക്ഷം വോട്ടർമാരെ ഒഴിവാക്കി; മൂടിവെക്കാൻ ശ്രമമെന്ന് ബി.ജെ.ഡി

ഒഡീഷയിൽ നടന്ന പ്രത്യേക തീവ്ര പുനരവലോകനത്തിൽ (എസ്.ഐ.ആർ) വ്യാപകമായ തിരിമറികളാണ് അരങ്ങേറിയതെന്ന് അരുൺ കുമാർ സാഹു കുറ്റപ്പെടുത്തി. സംസ്ഥാനത്ത് 27.50 ലക്ഷത്തിലധികം വോട്ടർമാരെയാണ് പട്ടികയിൽ നിന്ന് ഏകപക്ഷീയമായി ഒഴിവാക്കിയത്. എസ്.ഐ.ആറിന്റെ മറവിൽ വലിയ തോതിൽ വോട്ടർ ഡാറ്റയിൽ കൃത്രിമം കാണിക്കുകയും ഈ വിവരങ്ങൾ അധികൃതർ ജനങ്ങളിൽ നിന്ന് മറച്ചുവെക്കുകയും ചെയ്തുവെന്നും ബി.ജെ.ഡി ആരോപിച്ചു.

'പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാനുള്ള രാജി': കോൺഗ്രസ്

വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയുള്ള ഗോപാലന്റെ തീരുമാനം കടുത്ത സംശയങ്ങൾക്ക് ഇടനൽകുന്നുവെന്ന് ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഒ.പി.സി.സി) പ്രസിഡന്റ് ഭക്ത ചരൺ ദാസും പ്രതികരിച്ചു.

"മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ആർ.എസ്. ഗോപാലൻ കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തിലായിരുന്നുവെന്ന് ഉറപ്പാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നും സമ്മർദ്ദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാനാണ് അദ്ദേഹം വി.ആർ.എസ് തിരഞ്ഞെടുത്തത്. ഒഡീഷയിൽ നടക്കുന്ന എസ്.ഐ.ആർ പ്രക്രിയ വൻ ക്രമക്കേടുകൾ നിറഞ്ഞതാണ്. വോട്ടർപട്ടികയിലെ ഇത്തരം ഏകപക്ഷീയമായ വെട്ടിനിരത്തലുകൾ തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസം പൂർണമായി തകർത്തിരിക്കുന്നു."

— ഭക്ത ചരൺ ദാസ് പറഞ്ഞു.

മികച്ച പ്രവർത്തന പരിചയമുള്ള കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥനാണ് ഗോപാലനെന്നും, കാര്യങ്ങൾ ലളിതമായി കാണാൻ കഴിയില്ലെന്നും കൃത്യമായ ബാഹ്യ ഇടപെടലുകൾ കാരണമാണ് അദ്ദേഹം പടിയിറങ്ങുന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Odisha CEO RS Gopalan Seeks VRS; BJD, Congress Allege Govt Pressure Amid SIR Voter Deletion Row
Next Story