വി.എച്ച്.പി എതിർത്തു: ക്രിസ്ത്യൻ പ്രാർഥനാ സംഗമം തടഞ്ഞു
text_fieldsഭുവനേശ്വർ: ഒഡീഷ സുന്ദർഗഡ് ജില്ലയിൽ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) എതിർപ്പിനെ തുടർന്ന് ക്രിസ്ത്യൻ പ്രാർഥനാ സംഗമത്തിന് ഒഡിഷയിലെ ബി.ജെ.പി സർക്കാർ അനുമതി നിഷേധിച്ചു. ബോണായ് ബ്ലോക്കിലെ ടികായത്പാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സർഗിദിഹി ഗ്രാമത്തിലാണ് സംഭവം. പ്രാർത്ഥനാ യോഗം വഴി മതപരിവർത്തന ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സംഘ്പരിവാർ സംഘടനയായ വി.എച്ച്.പി ഇടപെടൽ.
വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്രംഗ്ദൾ പ്രവർത്തകരും നാട്ടുകാരിൽ ചിലരും ചേർന്ന് പൊലീസിലും ജില്ല ഭരണകൂടത്തിനും പരാതി നൽകുകയായിരുന്നു. ‘ജീസസ് ഹെവൻലി ലാഡർ മിനിസ്ട്രി’ എന്ന ക്രിസ്ത്യൻ സംഘടനയാണ് ത്രിദിന പ്രാർത്ഥനാ യോഗം തീരുമാനിച്ചത്. വാഗ്ദാനങ്ങളിലൂടെയും തെറ്റിദ്ധരിപ്പിക്കുന്ന ആത്മീയ ആചാരങ്ങളിലൂടെയും ആദിവാസി കുടുംബങ്ങളെ മതപരിവർത്തനം നടത്താനാണ് പരിപാടിയെന്ന് വി.എച്ച്.പി ആരോപിച്ചു.
അത്ഭുത രോഗശാന്തിയും ദൈവിക ഇടപെടലും അവകാശപ്പെട്ട് മതപരിവർത്തന ശ്രമങ്ങൾ നടക്കുന്നതായി ഇവർ ആരോപിച്ചു. വൈദ്യചികിത്സ ഇല്ലാതെ വിശ്വാസം വഴി രോഗങ്ങൾ ഭേദമാക്കുകയും സമൃദ്ധി കൈവരിക്കുകയും ചെയ്യുമെന്ന് ഗ്രാമവാസികളോട് പറഞ്ഞതായി പരാതിയിൽ പറയുന്നു. ‘ക്രിസ്ത്യൻ മിഷനറി ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ചില വ്യക്തികൾ വിദൂര ഗ്രാമങ്ങൾ സന്ദർശിച്ച് ഹിന്ദു സമൂഹത്തിലെ അംഗങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കുന്ന ശ്രമങ്ങളിൽ ഏർപ്പെടുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഗ്രാമവാസികൾ മതപരിവർത്തനം നടത്താൻ സമ്മതിച്ചാൽ കഷ്ടപ്പാടുകൾ, രോഗങ്ങൾ, ദാരിദ്ര്യം എന്നിവ ഒഴിവാക്കുമെന്ന് അവർ വാഗ്ദാനം നൽകി.
ഇത്തരം പ്രവൃത്തികൾ പ്രാദേശിക ഹിന്ദു ജനതയുടെ മതവികാരങ്ങളെ അനാദരിക്കുന്നതാണ്. കൂടാതെ, നിർബന്ധിതമോ വഞ്ചനാപരമോ ആയ മതംമാറ്റത്തിലൂടെ നിയമലംഘന സാധ്യതയുമുണ്ട്. ഈ പ്രവർത്തനങ്ങൾ സാമുദായിക സംഘർഷം സൃഷ്ടിക്കുകയും പ്രദേശത്തെ ഐക്യം തകർക്കുകയും ചെയ്യും’ -പരാതിയിൽ ചൂണ്ടിക്കാട്ടി.
പരാതിയെത്തുടർന്ന് പൊലീസ് സ്ഥലം സന്ദർശിച്ച് പ്രാഥമിക അന്വേഷണം നടത്തി. സമാധാനം നിലനിർത്തുന്നതിനും പ്രദേശത്ത് അസ്വസ്ഥതകൾ തടയുന്നതിനുമാണ് അനുമതി നിഷേധിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അനധികൃത ഒത്തുചേരലുകൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കർശനമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ്ദൾ സംഘടനകൾ ഭരണകൂടത്തിന്റെ തീരുമാനത്തെ പ്രശംസിച്ചു.
‘നിരപരാധികളായ ആദിവാസികളെ പ്രലോഭിപ്പിച്ച് പാരമ്പര്യങ്ങളിൽ നിന്നും സംസ്കാരത്തിൽ നിന്നും അകറ്റുക എന്നതാണ് പ്രാർത്ഥനാ യോഗങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഈ പരിപാടിയുടെ പിന്നിലെ യഥാർത്ഥ ഉദ്ദേശ്യം. ഗ്രാമവാസികളുടെ ഐക്യവും പ്രതിഷേധവും ഈ ഗൂഢാലോചനയെ പരാജയപ്പെടുത്തി’ - വിഎച്ച്പി ജില്ല സംഘടനാ സെക്രട്ടറി ഹേമന്ത് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

