റുക്സാന ബാനുവിന് മറ്റൊരു ഗായിക വിഷം നൽകിയതാണെന്ന് മാതാവ്; 27കാരിയുടെ മരണത്തിൽ വിവാദം
text_fieldsഭുവനേശ്വർ: പ്രശസ്ത സമ്പൽപുരി ഗായിക റുക്സാന ബാനു അന്തരിച്ചു. ഒഡീഷയിലെ ഭുവനേശ്വർ എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.
എന്നാൽ, മകളുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന ആരോപണവുമായി റുക്സാനയുടെ മാതാവും സഹോദരിയും രംഗത്തെത്തി. റുക്സാനയോട് എതിർപ്പുള്ള ഒഡീഷയിലെ മറ്റൊരു ഗായികയാണ് ഇതിനുപിന്നിലെന്നും കുടുംബം ആരോപിക്കുന്നു.
ഗുരുതര ആരോപണം ഉന്നയിച്ചെങ്കിലും മകളുടെ മരണത്തിന് ഉത്തരവാദിയെന്ന് പറയുന്ന ഗായികയുടെ പേര് മാതാവ് പുറത്തുവിട്ടിട്ടില്ല. മാത്രമല്ല, റുക്സാനക്ക് വധഭീഷണിയുണ്ടായിരുന്നെന്നും കുടുംബം പറയുന്നു.
15 ദിവസങ്ങൾക്കുമുമ്പ് ഒരു ഷൂട്ടിങ്ങിനിടെ ജ്യൂസ് കുടിച്ച റുക്സാനക്ക് അസുഖം ബാധിച്ചിരുന്നു. ഭവനിപട്നിലെ ആശുപത്രിയിൽ അഡ്മിറ്റാകുകയും ചെയ്തു. പ്രാഥമിക പരിശോധനകൾക്കുശേഷം അവളെ ഭിമ ഭോയ് മെഡിക്കൽ കോളജിലേക്ക് മാറ്റി. നില വഷളായതോടെ ഭുവനേശ്വർ എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു -റുക്സാനയുടെ സഹോദരി റൂബി ബാനു പറഞ്ഞു.
ആരോപണങ്ങൾ ഉന്നയിക്കുന്ന വിഡിയോ റുക്സാനയുടെ മാതാവ് പുറത്തുവിട്ടിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

