ന്യൂഡൽഹി: അന്തീക്ഷ മലിനീകരണം രൂക്ഷമാകുന്നതിനിടെ ഡൽഹിയിൽ ഒറ്റ, ഇരട്ട അക്ക നമ്പർ പരിഷ്കാരം വീണ്ടും വരുന്നു. നവംബർ 13 മുതൽ പരിഷ്കാരം നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ടാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് ദിവസത്തേക്ക് താൽക്കാലികമായിട്ടായിരിക്കും പരിഷ്കാരം ഏർപ്പെടുത്തുക. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് നിയന്ത്രമണം.
ഒറ്റ അക്കത്തിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങളും ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങളും ഒന്നിടവിട്ട ദിവസങ്ങളിൽ നിരത്തിലറങ്ങുന്നതാണ് രീതി. 2016ലും മലിനീകരണം അനുവദനീയ തോത് കടന്നതോടെ ഒറ്റ ഇരട്ട നമ്പർ നിയന്ത്രണം ഡൽഹി സർക്കാർ നടപ്പിലാക്കിയിരുന്നു.
ഒറ്റ, ഇരട്ട അക്ക നമ്പർ നിയന്ത്രണമുള്ള ദിവസങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിനായി 500 ബസുകൾ അധികമായി ഒാടിക്കുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. അധികമായി 20 ബസുകൾ ഒാടിക്കാൻ ഡൽഹി മെട്രോയും തീരുമാനിച്ചിട്ടുണ്ട്.