സത്യപ്രതിജ്ഞ 20ന് ; ഡൽഹി മുഖ്യമന്ത്രി സസ്പെൻസിൽ തന്നെ
text_fieldsന്യൂഡല്‍ഹി: രണ്ടര പതിറ്റാണ്ടിനുശേഷം ഡൽഹി പിടിച്ച ബി.ജെ.പി സർക്കാർ ഫെബ്രുവരി 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബുധനാഴ്ച നടക്കുന്ന നിയമസഭ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഫെബ്രുവരി 18ന് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, എൻ.ഡി.എ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.
ഫലപ്രഖ്യാപനം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രി ആരെന്ന സസ്പെൻസ് തുടരുകയാണ്. നിരവധി പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവരുന്നത്. ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിനെ തോൽപിച്ച ജാട്ട് വിഭാഗത്തിൽ നിന്നുള്ള നേതാവ് പർവേഷ് വർമ, മുതിർന്ന നേതാക്കളായ വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ എന്നിവർക്കാണ് കൂടുതൽ സാധ്യത കൽപിക്കുന്നത്.
വനിതാ മുഖ്യമന്ത്രി വേണമെന്ന ചർച്ചയും നടക്കുന്നുണ്ട്. വനിതകളിൽ ഡൽഹി മുൻ മേയർ രേഖ ഗുപ്ത, ശിഖ റായ് എന്നിവർക്കാണ് സാധ്യത. ആർ.എസ്.എസിന്റെ താൽപര്യവും പരിഗണിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. 70ൽ 48 സീറ്റുകൾ നേടിയാണ് 27 വർഷത്തിനുശേഷം ബി.ജെ.പി ഡൽഹി പിടിച്ചത്. തുടർച്ചയായി മൂന്നുതവണ അധികാരത്തിലുണ്ടായിരുന്ന ആം ആദ്മി പാർട്ടിക്ക് 22 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ല.
ഡൽഹി ഭരിക്കാൻ ബി.ജെ.പിക്ക് ആളില്ല- അതിഷി
ന്യൂഡൽഹി: ഡൽഹിയിൽ ആരാണ് മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിക്കാൻ വൈകുന്നതിനിടെ ബി.ജെ.പിയെ കടന്നാക്രമിച്ച് മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അതിഷി. ഡൽഹി ഭരിക്കാൻ അവർക്ക് ഒരു മുഖമില്ലെന്ന് വ്യക്തമായെന്ന് പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ അതിഷി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട 48 ബി.ജെ.പി അംഗങ്ങളിൽ ഒരാളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിശ്വാസമില്ല.
സര്‍ക്കാറിനെ നയിക്കാൻ കഴിവുള്ള ആരുമില്ലെങ്കില്‍ അവര്‍ എങ്ങനെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. ഫെബ്രുവരി എട്ടിന് ഫലം വന്നശേഷം ഒമ്പതിന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും സത്യപ്രതിജ്ഞാ ചടങ്ങ് പത്തിന് നടക്കുമെന്നും ഡൽഹിയിലെ ജനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഇവിടെ തീയതി മാത്രമാണ് മുന്നോട്ടുപോകുന്നതെന്നും അതിഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

