എ.ഐ.എ.ഡി.എം.കെയിലേക്ക് മടങ്ങാൻ തയാറാണെന്ന് പനീർശെൽവം; വേണ്ടെന്ന് പളനിസ്വാമി
text_fieldsചെന്നൈ: എ.ഐ.എ.ഡി.എം.കെയിലേക്ക് മടങ്ങിവരാൻ തയാറാണെന്ന് പരസ്യമായി അറിയിച്ച് പുറത്താക്കപ്പെട്ട ഒ.പന്നീർശെൽവം. തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലാണ് മുൻമുഖ്യമന്ത്രി കൂടിയായ പന്നീർശെൽവത്തിന്റെ പ്രഖ്യാപനം. ഒരുകാലത്ത് ജയലളിതയുടെ വിശ്വസ്തനായിരുന്നു ഇദ്ദേഹം. തേനിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പന്നീർശെൽവം.
എന്നാൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പന്നീർശെൽവം പാർട്ടിക്കുള്ളിൽ തിരിച്ചെത്താനുള്ള സാധ്യത എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി പളനിസ്വാമി തള്ളി. നിലവിൽ എ.ഐ.എ.ഡി.എം.കെ നയിക്കുന്നത് ഇ.പി.എസ് എന്നറിയപ്പെടുന്ന എടപ്പാടി കെ. പളനിസ്വാമിയാണ്. ഇ.പി.എസിനെ തന്റെ ജ്യേഷ്ഠൻ എന്നാണ് പന്നീർശെൽവം വിശേഷിപ്പിച്ചത്.
''എന്റെ സഖ്യ നിലപാട് ഇതുവരെ തീരുമാനിച്ചിട്ടില്ല. എ.ഐ.എ.ഡി.എം.കെയിലെ ഞങ്ങളുടെ അവകാശങ്ങൾക്കായുള്ള നിയമപോരാട്ടം തുടരും. എ.ഐ.എ.ഡി.എം.കെയുമായി ഒന്നിക്കാൻ ഞാൻ തയാറാണ്. ടി.ടി.വി ദിനകരൻ എന്നെ സ്വാഗതം ചെയ്യാൻ തയാറാണ്. ഇ.പി.എസ് തയാറാണോ?''-പന്നീർശെൽവം ചോദിച്ചു. മനോജ് പാണ്ഡ്യൻ, കുന്നം ആർ.ടി രാമചന്ദ്രൻ എന്നിവരുൾപ്പെടെ തന്റെ നിരവധി വിശ്വസ്തർ ഡി.എം.എകെയിൽ ചേർന്ന സാഹചര്യത്തിലാണ് പന്നീർശെൽവത്തിന്റെ പരാമർശം. മൂന്നുതവണ തമിഴ്നാട് മുഖ്യമന്ത്രിയായിട്ടുണ്ട് പന്നീർശെൽവം. ജയലളിതയുടെ മരണശേഷം പാർട്ടിയിൽ പിളർപ്പുണ്ടായി. 2022ലാണ് പന്നീർശെൽവത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
കഴിഞ്ഞമാസം പന്നീർശെൽവം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ന്യൂഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പായിരുന്നു വിഷയം. സ്റ്റാലിന്റെ ഡി.എം.കെയെ നേരിടാൻ ബി.ജെ.പി ഇതരപാർട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് ഈ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയം. തമിഴ്നാടിനൊപ്പം കേരളം, അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളും നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

