പട്ടച്ചരട് കുടുങ്ങി എട്ടുവയസ്സുകാരന്‍റെ കഴുത്ത് മുറിഞ്ഞു
text_fieldsനാഗ്പൂർ: പട്ടത്തിന്‍റെ ചരട് (നൈലോൺ മഞ്ച) കുടുങ്ങി എട്ടുവയസ്സുകാരന്‍റെ കഴുത്തിന് ഗുരുതരമായി മുറിവേറ്റു. ഞായറാഴ്ച നാഗ്പൂർ മങ്കപൂർ ഫ്‌ളൈ ഓവറിലാണ് സംഭവം. കാറിൽ സഞ്ചരിക്കുകയായിരുന്ന ആരവ് എന്ന കുട്ടിക്കാണ് ദാരുണമായി പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു.
തുറന്ന മേലാപ്പുള്ള കാറിൽ സീറ്റിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു ആരവ്. ഇതിനിടെയാണ് ആരോ പറത്തിവിട്ട പട്ടച്ചരട് കുട്ടിയുടെ കഴുത്തിൽ കുടുങ്ങിയത്.
മാതാപിതാക്കൾ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
കഴിഞ്ഞ ദിവസം സമാന സംഭവത്തിൽ ബൈക്ക് യാത്രികന് ജീവൻ നഷ്ടമായിരുന്നു. മൂർച്ചയുള്ള ചരട് കഴുത്തിൽ കുടുങ്ങി തെലങ്കാനയിലെ മാഞ്ചേരിയൽ ടൗണിൽ ഭീമയ്യ (39) എന്നയാളാണ് മരിച്ചത്. ഭാര്യയോടൊപ്പം ബൈക്കിൽ പോകവേയായിരുന്നു സംഭവം. വിരൽ മുറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പോയി തിരികെ വരികയായിരുന്നു ഇവർ.
കഴുത്ത് മുറിഞ്ഞ് രക്തം പ്രവഹിക്കുകയായിരുന്നു. ചരട് മാറ്റി ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ തന്നെ ഇയാൾ മരിച്ചതായി പൊലീസ് പറഞ്ഞു.
മത്സരത്തിന് ഉപയോഗിക്കുന്ന പട്ടങ്ങളുടെ ചരടിൽ ചില്ല് പൊടിച്ച് ചേർക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്. മത്സരത്തിനിടെ ചരടിൽ കുരുങ്ങുന്ന മറ്റ് പട്ടങ്ങളെ മുറിച്ച് ഒഴിവാക്കുന്നതിനായാണ് ചില്ല് പൊടിച്ച് ചരടിൽ ചേർക്കുന്നത്. ഇതാണ് വലിയ അപകടങ്ങൾക്ക് കാരണമാകുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

