തമിഴ്നാട്ടിൽ ശസ്ത്രക്രിയക്കിടെ നവജാത ശിശുവിന്റെ തള്ളവിരൽ മുറിച്ച് മാറ്റി; നഴ്സ് മൊബൈൽ ഫോൺ ഉപയോഗിച്ചത് അശ്രദ്ധക്ക് കാരണമെന്ന് കുടുംബം
text_fieldsചെന്നൈ: വെല്ലൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ നവജാത ശിശുവിന്റെ തള്ളവിരൽ അബദ്ധത്തിൽ മുറിച്ചുമാറ്റി. സംഭവ കാരണം മുതിർന്ന നഴ്‌സിന്റെ അശ്രദ്ധയാണെന്ന് കുടുംബത്തിന്‍റെ ആരോപണം.
തമിഴ്നാട് മുള്ളിപാളയം സ്വദേശികളായ വിമൽരാജ്-നിവേദ ദമ്പതികളുടെ കുഞ്ഞിനാണ് അപകടമുണ്ടായത്. മേയ് 24 നാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. ഗ്ലൂക്കോസ് സൂചി മാറ്റുന്നതിനായി കുഞ്ഞിന്റെ കൈയിൽ നിന്ന് ടേപ്പ് ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടെ നഴ്‌സ് കത്രിക തെറ്റായി കൈകാര്യം ചെയ്യുകയായിരുന്നു. ശസ്ത്രക്രിയക്കിടെ നഴ്‌സ് മൊബൈൽ ഫോൺ ഉപയോഗിക്കുകയും പൂർണ ശ്രദ്ധ ചെലുത്താതിരുന്നതുമാണ് തള്ള വിരൽ മുറിച്ചുമാറ്റിയതിന് കാരണമെന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പറഞ്ഞു.
പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രി അധികൃതർ കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയക്കായി ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
വെല്ലൂർ ജില്ലാ കളക്ടർ സുബ്ബുലക്ഷ്മി സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആ സമയത്ത് നഴ്‌സ് ഫോണിൽ സംസാരിച്ചിരുന്നുവെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

