നഴ്സാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആറ് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ യുവതി അറസ്റ്റിൽ
text_fieldsകൊൽക്കത്ത: നഴ്സാണെന്ന് ധരിപ്പിച്ച് അമ്മയുടെ കൈയിൽ നിന്നും ആറ് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ കേസിൽ യുവതി അറസ്റ്റിൽ. കൊൽക്കത്തയിലെ ബി.സി റോയ് ആശുപത്രിയിലാണ് സംഭവം. ചികിത്സക്കായി എത്തിയ അമ്മയുമായി സൗഹൃദം സ്ഥാപിച്ച ഇവർ അമ്മയുടെ കൈയിൽ നിന്നും കുഞ്ഞിനെ കൈക്കലാക്കുകയും മരുന്ന് വാങ്ങാൻ പോയ തക്കത്തിൽ കുഞ്ഞുമായി കടന്നുകളയുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സബീന ബിബി എന്ന യുവതിയെയും കുഞ്ഞിനെയും കണ്ടുപിടിച്ചു. തട്ടിക്കൊണ്ട് പോയ ആശുപത്രിയിൽ നിന്നും 33 കിലോമീറ്റർ മാറിയാണ് കുഞ്ഞിനെ കണ്ടെത്തിയത്. താൻ ഗർഭിണിയാണെന്നും പ്രസവത്തിനായി ആശുപത്രിയിൽ പോവുകയാണെന്നുമാണ് ഇവർ അയൽക്കാരോട് പറഞ്ഞത്. ആശുപത്രിയിലേക്ക് പോവുകയായിരുന്ന അമ്മയോട് ബസ്സിൽ നിന്നും സൗഹൃദത്തിലായ ഇവർ കുഞ്ഞിനെ വാങ്ങി മടിയിൽ വെക്കുകയും പിന്നീട് ഒരുമിച്ച് ബസ്സിൽ നിന്നിറങ്ങിയ ഇവർ ഒരുമിച്ചാണ് ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിയത്
കുഞ്ഞിനെയും കൊണ്ട് ആദ്യമായി ആശുപത്രിയിൽ വന്ന അമ്മയുടെ പരിചയക്കുറവ് മുതലെടുത്ത സബിന, ഡോക്ടറെ കണ്ടിറങ്ങിയ ശേഷം കുഞ്ഞിനെ തന്റെ കൈയിൽ ഏൽപ്പിച്ച് മരുന്നുകൾ വാങ്ങാനായി പോകാൻ അമ്മയോട് ആവശ്യപ്പെട്ടു. ഈ അവസരം മുതലെടുത്ത് ഇവർ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ കാണാതായ വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പെലീസ് സബീനയെയും കുഞ്ഞിനെയും തിരിച്ചറിയുകയായിരുന്നു.
നീല ജാക്കറ്റ് ധരിച്ച സബീനയുടെ ചിത്രങ്ങളും വിശദാംശങ്ങളും എല്ലാ പൊലീസ് സ്റ്റേഷനിലേക്കും അയച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു കടയുടമ ഇവരെ തിരിച്ചറിയുകയും അവർ ഗർഭിണിയാണെന്നും പ്രസവശേഷം കുഞ്ഞിനെയും കൊണ്ട് ഇന്ന് തിരിച്ചെത്തിയിട്ടുണ്ടെന്നും പറഞ്ഞു. ഉടനെ സബീനയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം വീട് പരിശോധിക്കുകയും കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തു.
അറസ്റ്റ് ചെയ്ത സബീന ബീബിയെ ഫൂൽബഗൻ പൊലീസിന് കൈമാറി. കുട്ടിയെ കണ്ടെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച ബി.സി റോയ് പ്രിൻസിപ്പൽ ഡോ. ദിലീപ് പാൽ ഒ.പി.ഡിയിൽ നടന്ന ഈ സംഭവം കണക്കിലെടുത്ത് അപരിചിതർക്ക് കുട്ടികളെ കൈമാറുന്നതിൽ ജാഗ്രത പാലിക്കണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

