Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഭീഷണിയുമായി...

‘ഭീഷണിയുമായി ആൾക്കൂട്ടം വളഞ്ഞു, അർധരാത്രിയിൽ അഞ്ചുമണിക്കൂർ വിചാരണ, ചിത്രങ്ങൾ പകർത്തി’ റെയിൽവേ സ്റ്റേഷനിൽ മതപരിവർത്തനമാരോപിച്ച് കന്യാസ്ത്രീയെയും കുട്ടികളെയും തടഞ്ഞുവെച്ചതായി പരാതി

text_fields
bookmark_border
‘ഭീഷണിയുമായി ആൾക്കൂട്ടം വളഞ്ഞു, അർധരാത്രിയിൽ അഞ്ചുമണിക്കൂർ വിചാരണ, ചിത്രങ്ങൾ പകർത്തി’ റെയിൽവേ സ്റ്റേഷനിൽ മതപരിവർത്തനമാരോപിച്ച് കന്യാസ്ത്രീയെയും കുട്ടികളെയും തടഞ്ഞുവെച്ചതായി പരാതി
cancel
camera_altപ്രതീകാത്മക ചിത്രം

ടാറ്റനഗർ (ഝാർഗണ്ഡ്): മതപരിവർത്തനമാരോപിച്ച് കത്തോലിക്ക കന്യാസ്ത്രീ​യെയും ഗോത്രവിഭാഗക്കാരായ 19 കുട്ടികളെയും രാത്രിയിൽ അഞ്ചുമണിക്കൂറോളം റെയിൽവേ സ്റ്റേഷനിൽ തടഞ്ഞ് ആൾക്കൂട്ട വിചാരണ നടത്തിയതായി പരാതി. വെള്ളിയാഴ്ചയാണ് സംഭവം. ഝാർഗണ്ഡിലെ ടാറ്റ നഗർ റെയിൽവേ സ്റ്റേഷനിൽ സൗത്ത് ബിഹാർ എക്സ്പ്രസിൽ വന്നിറങ്ങിയ സംഘത്തെയാണ് ബജ്രംഗ്ദൾ പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞുവെച്ചത്.

സരായികേല-ഖർസവാൻ ജില്ലയിലെ ആദിവാസി ഗ്രാമങ്ങളിൽ കൗമാര ബോധവൽക്കരണ പദ്ധതികളിൽ പ്രവർത്തിക്കുന്നയാളാണ് കന്യാസ്ത്രീ. വെള്ളിയാഴ്ച ജംഷഡ്പൂരിലേക്ക് കുട്ടികളുമായി ജീവിത നൈപുണ്യ പരിശീലന പരിപാടിക്ക് പോകുന്നതിനിടെ തങ്ങളെ രണ്ട് പുരുഷൻമാർ പിന്തുടരുകയായിരുന്നു​വെന്ന് കന്യാസ്ത്രീ പറഞ്ഞു.

‘അവർ ഞങ്ങളെ പിന്തുടർന്നു, ഒരു ഘട്ടത്തിൽ, ടി.ടി.ഇ അടുത്തുവന്ന് ഞാൻ കുട്ടികളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചു. പിന്നാലെ, വലിയ കുറ്റവാളികളെ പോലെ എന്റെയും കുട്ടികളുടെയും ചുറ്റും ജനക്കൂട്ടം തടിച്ചുകൂടി. സ്റ്റേഷനിൽ ഉണ്ടായിരുന്ന യാത്രക്കാരും ടി.ടി.ഇയും കുട്ടികളോട് മതം സംബന്ധിച്ച് ചോദ്യങ്ങൾ ചോദിക്കുകയും ആക്രോശിക്കുകയുമായിരുന്നു,’- കന്യാസ്ത്രീ പറഞ്ഞു.

കുട്ടികളെ തന്നോടൊപ്പം അയച്ച രക്ഷിതാക്കളുടെയും ഗ്രാമമുഖ്യന്റെയും അനുമതി കത്തുകൾ ടി.ടി.ഇയെ കാണിച്ചതായി അവർ പറഞ്ഞു. ‘മാസത്തിലൊരിക്കൽ കുട്ടികൾക്ക് നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിക്കാറുണ്ട്, രണ്ടുവർഷത്തോളമായി കുട്ടികൾ പരിപാടിയിൽ പ​ങ്കെടുക്കുന്നുണ്ട്. കൂട്ടത്തിൽ ക്രിസ്ത്യാനികളല്ലാത്ത കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളുമുണ്ട്. ഇവർ സ്വന്തം മതം പിന്തുടരുന്നവരാണ്,’- അവർ വിശദമാക്കി.

സംഘത്തിൽ നാല് ആൺകുട്ടികളും 15 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇതിനിടെ കുട്ടികളുടെ രേഖകൾ ടി.ടി.ഇയുടെ നേതൃത്വത്തിൽ പരിശോധിക്കാൻ തുടങ്ങി. അവസാന നിമിഷം പരിപാടിയിൽ പ​ങ്കെടുക്കാൻ തീരുമാനിച്ചതിനാൽ ചില കുട്ടികളുടെ കയ്യിൽ ആധാർ കാർഡുകൾ ഉണ്ടായിരുന്നില്ല. തുടർന്ന്, പൊലീസിന് കൈമാറുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പ്രോഗ്രാം ഡയറക്ടർ കൂടിയായ ബിരേന്ദ്ര ടെറ്റെ എന്ന പുരോഹിതനെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് അവർ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 11 മുതൽ ശനിയാഴ്ച പുലർച്ചെ നാലുമണി വരെ കുട്ടികളെ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു​വെച്ചുവെന്ന് ബിരേന്ദ്ര ടെറ്റെ പറഞ്ഞു. ‘ഞാൻ സ്റ്റേഷനിൽ എത്തി​യപ്പോൾ കുട്ടികൾ പ്ളാറ്റ്ഫോമുകളിൽ ഇരിക്കുകയായിരുന്നു. വനിതപൊലീസുകാർ ഉണ്ടായിരുന്നില്ല. വളഞ്ഞിരുന്ന ബജ്രംഗ് ദൾ പ്രവർത്തകർ പെൺകുട്ടികളുടെ അടക്കം ചിത്രം പകർത്തുന്നതും കാണാമായിരുന്നു. അവസാനം ഗവൺമെന്റ് റെയിൽവേ പോലീസ് (ജി‌.ആർ.‌പി) എത്തി അവരെ ചോദ്യം ചെയ്ത് ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തി. തുടർന്ന് ബജ്രംഗ് ദൾ പ്രവർത്തകർ പിരിഞ്ഞുപോയതോടെ രണ്ടുവാഹനങ്ങളിൽ കുട്ടികളെ പരിപാടിക്ക് എത്തിക്കുകയായിരുന്നു,’-അദ്ദേഹം പറഞ്ഞു.

ബജ്രംഗ് ദളിന്റെ ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതായി പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും വിശദമാക്കി. മതപരിവർത്തനം നടന്നിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ജി.ആർ.പി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജയശ്രീ കുജുർ പറഞ്ഞു.

ഇതിനിടെ, പ്രായപൂർത്തിയാവാത്ത പെൺകുട്ടികളടക്കമുളളവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും ബജ്രംഗ് ദൾ പ്രവർത്തകർ ചീത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പരാമർശങ്ങളോടെ പ്രചരിപ്പിക്കുകയും ചെ​യ്തെന്ന് ക്രിസ്ത്യൻ സംഘടനകൾ ആരോപിച്ചു.

അതേസമയം, കുട്ടികളെ സംശയാസ്പദമായ സാഹചര്യത്തിൽ ട്രെയിനിൽ കണ്ടതോടെ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് ബജ്രംഗ് ദൾ പ്രാദേശിക യൂനിറ്റ് തലവൻ അരുൺ സിങ് പറഞ്ഞു. കുട്ടികളുടെ കൈകളിൽ ചരടുകൾ കണ്ടു. തുടർന്ന് ചോദ്യങ്ങൾക്ക് അവർക്ക് വ്യക്തമായ മറുപടി നൽകാനായില്ല. ഇതിനിടെ, പരിശീലന പരിപാടിക്ക് കൊണ്ടുപോവുകയാണെന്നും അനുമതിയുണ്ടെന്നും കൂടെയുണ്ടായിരുന്ന കന്യകാസ്ത്രീ അവകാശപ്പെട്ടു. ഇതേത്തുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചതെന്നും അരുൺ സിങ് പറഞ്ഞു.

ബജ്രംഗ് ദൾ പ്രവർത്തകർ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങളും വീഡിയോയും തെളിവിനായാണ് ചിത്രീകരിച്ചതെന്നും സിങ് പറഞ്ഞു. വിഷയത്തിൽ പ്രതികരിച്ച ഓൾ ഇന്ത്യ ക്രിസ്ത്യൻ മൈനോറിറ്റി ഫ്രണ്ട് വൈസ് പ്രസിഡന്റും ന്യൂനപക്ഷ അവകാശ പ്രവർത്തകനുമായ അജിത് ടിർക്കി, വിഷയത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nun, 19 children questioned for 5 hours at Jharkhand railway station
Next Story