'വിദ്വേഷപ്രചാരകനെ കാമ്പസിൽ പ്രവേശിക്കാൻ അനുവദിക്കില്ല'; മോഹൻ ഭാഗവതിനെതിരെ എൻ.എസ്.യു.ഐ
text_fieldsലഖ്‌നോ: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ ലഖ്‌നോ സർവകലാശാല സന്ദർശനത്തിനെതിരെ കോൺഗ്രസ് വിദ്യാർഥി സംഘടനയായ നാഷനൽ സ്റ്റുഡന്റ്‌സ് യൂനിയൻ ഓഫ് ഇന്ത്യയുടെ (എൻ.എസ്.യു.ഐ) പ്രതിഷേധം. മോഹൻ ഭാഗവത് വെറുപ്പിന്റെ പ്രതീകമാണെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഭഗവത് ഗോ ബാക്ക്, ആർ.എസ്.എസ് മുർദാബാദ് എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.
സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ കാമ്പസിലേക്ക് പ്രവേശിക്കുന്ന മോഹൻ ഭാഗവിന്‍റെ വഴി തടയാൻ ശ്രമിച്ച വിദ്യാർഥികൾക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇരുപതിലധികം വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.
സർവകലാശാലയിൽ ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങൾ നടത്തുന്നതിനെ തങ്ങൾ എതിർക്കുമെന്ന് വിദ്യാർഥികൾ പറയുന്നു. അക്കാദമിക് ആവശ്യങ്ങൾക്കായി നികുതിദായകരുടെ പണം ഉപയോഗിച്ചാണ് സർവകലാശാല നടത്തുന്നത്. രാജ്യത്തിന്റെ ക്ഷേമവുമായി യാതൊരു ബന്ധവുമില്ലാത്ത വേദിയാണ് ആർ.എസ്.എസ്. ആർ.എസ്.എസിന്‍റെ ചടങ്ങ് നടത്താനോ വിദ്വേഷപ്രചാരകനായ ഭാഗവതിനെ കാമ്പസിലേക്ക് പ്രവേശിക്കാനോ അനുവദിക്കില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
ഭാഗവത് പോയതിനുശേഷമാണ് വിദ്യാർഥികളെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചതെന്ന് എൻ.എസ്.യു.ഐ ദേശീയ കോർഡിനേറ്റർ വിശാൽ സിങ് പറഞ്ഞു. ആർ.എസ്.എസിനെ പിന്തുണക്കുന്നതിനായി സർവകലാശാല പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും അവർ വിദ്യാർഥികളെ ഒരു പരിപാടിയും സംഘടിപ്പിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഭാഗവത് സമൂഹത്തിൽ വിഷം കലർത്തുകയാണ്, ഞങ്ങൾ അദ്ദേഹത്തെ എതിർക്കുന്നു. അദ്ദേഹം ഇന്ത്യൻ സമൂഹത്തിലെ വിദ്വേഷത്തിന്റെ പ്രതീകമാണ്' -വിശാൽ പറഞ്ഞു.
നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്ത സാംസ്കാരിക ചടങ്ങായിരുന്നു സർവകലാശാലയിൽ നടന്നതെന്നാണ് വൈസ് ചാൻസലർ ജയ് പ്രകാശ് സൈനിയുടെ വാദം. എസ്.സി, എസ്.ടി, ഒ.ബി.സി, സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾ എന്നിവരെ ജാതി പീഡനത്തിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിക്കുന്ന യൂനിവേഴ്‌സിറ്റി ഗ്രാന്റ്സ് കമീഷന്റെ ഇക്വിറ്റി നിയന്ത്രണങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെയാണ് ഭഗവതിന്റെ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

