ന്യൂഡൽഹി: വീണ്ടും ചൈന പ്രകോപനം സൃഷ്ടിച്ചതിനെതുടർന്ന് അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യൻ സൈന്യം. കിഴക്കൻ ലഡാക്കിലെ പാൻഗോങ് തടാകത്തിന് സമീപമാണ് സൈന്യം കരുതലോടെ നിലയുറപ്പിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യയുടെ നീക്കമെന്നാണ് സൂചന.
ഡോവൽ അതിർത്തിയിലെ പുതിയ സാഹചര്യം വിലയിരുത്തി. സേനയിലെയും മറ്റും ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ചയും നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഉന്നതതല യോഗം വിളിച്ചു ചേർക്കുമെന്നാണ് വിവരം.
ശനിയാഴ്ച അർധരാത്രിയോടെയും ഞായറാഴ്ച പുലർച്ചെയുമാണ് പാൻഗോങ് തടാകത്തിന്‍റെ തെക്കൻ തീരത്ത് ചൈനയുടെ ഭാഗത്ത് നിന്നും ഏകപക്ഷീയമായ പ്രകോപനമുണ്ടായത്. തുടർന്ന് ഇന്ത്യൻ സൈന്യം ചൈനയുടെ നീക്കം പൂർണമായും തടഞ്ഞെന്നും തടാകത്തിന് ചുറ്റുമുള്ള നിർണായക ഇടങ്ങളിൽ ഇന്ത്യ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും ഉന്നതവൃത്തങ്ങൾ പറയുന്നു.
ഡോവലിന്‍റെ അധ്യക്ഷതിയിൽ ചേർന്ന യോഗത്തിൽ ചൈനയെ പ്രതിരോധിക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കാൻ സൈനികർക്ക് അനുമതി നൽകിയതായാണ് വിവരം. കരസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഐ.ബിയുടെയും റോയുടെയും മേധാവികൾ, ഇന്‍റലിജന്‍സ് ബ്യൂറോ ഡയറക്ടർ അരവിന്ദ് കുമാർ, റോ സെക്രട്ടറി സാമന്ത് ഗോയലും അവരുടെ വിലയിരുത്തലുകൾ ഡോവലിനെ അറിയിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയും യോഗത്തിൽ പങ്കെടുത്തു.
അതേസമയം കിഴക്കൻ ലഡാക്കിൽ അതിർത്തിയിൽ ഇന്ത്യയാണ് കടന്നുകയറിയെന്ന് ചൈന ആരോപിച്ചു.