'ഇത്രയും കാലം എല്ലാവരും മിണ്ടാതിരുന്നു, ഇപ്പോൾ രാജ്യം കത്തുകയാണ്'- മഹുവ മൊയ്ത്ര
text_fieldsമഹുവ മൊയ്ത്ര
കൊൽക്കത്ത: കാളി പോസ്റ്റർ വിവാദങ്ങൾക്ക് പിന്നാലെ 'മഹുവ നിങ്ങൾ ജാഗ്രതയോടെയിരിക്കുക' എന്ന തലക്കെട്ടിൽ ട്വിറ്ററിൽ ഒരു കവിത പങ്കുവെച്ച് മഹുവ മൊയ്ത്ര. ഒരു ഇന്ത്യൻ പൗരനെന്ന പേരിലാണ് മഹുവ കവിത ട്വീറ്റ് ചെയ്തത്. രാജ്യത്തെ യൂനിവേഴ്സിറ്റികളിൽ നിന്നാണ് വിദ്വേഷ പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചതെന്നും ഒടുവിൽ രാജ്യം തന്നെ കത്തുകയാണെന്നും ബി.ജെ.പിക്കെതിരെ മൊയ്ത്ര പറഞ്ഞു.
ജാഗ്രത പാലിച്ചില്ലെങ്കിൽ അവസാനം ജയിലിലടക്കപ്പെടുമെന്ന് ചിലർ മുന്നറിയിപ്പ് നൽകി. പക്ഷെ അവരുടെ ഉപദേശത്തിന് നന്ദിയെന്നും ജയിലലടക്കുമെന്ന് പേടിച്ച് മിണ്ടാതിരിക്കാൻ സാധിക്കില്ലെന്നും മൊയ്ത്ര പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യത്തെ ചിലർ ആക്രമിച്ചു കൊണ്ടിരിക്കുമ്പോൾ മിണ്ടാതിരിക്കണമെന്നാണോ സൂക്ഷിക്കുക എന്നത് കൊണ്ട് അർഥമാക്കുന്നതെന്ന് മഹുവ ചോദിച്ചു.
'ഇത്രയും കാലം പേടിച്ച് ജാഗ്രത പാലിച്ചിരുന്നത് കൊണ്ട് അവരിന്ന് നമ്മുടെ വിധി തീരുമാനിച്ച് കഴിഞ്ഞു. ഒരുപാട് പേർ ഭയം മൂലം വിദ്വേഷ പ്രചരണങ്ങൾക്കെതിരെ പ്രതികരിക്കാൻ പോലും തയ്യാറാകുന്നില്ല. ആദ്യം യൂനിവേഴ്സിറ്റികളിൽ നിന്നും ആരംഭിച്ചു. പിന്നീട് കർഷകർ, ആക്ടിവിസ്റ്റുകൾ അവസാനം ഇന്ന് നമ്മുടെ രാജ്യം തന്നെ കത്തി കൊണ്ടിരിക്കുകയാണ്'- മഹുവ പറഞ്ഞു. നമ്മൾ പേടിച്ച് മിണ്ടാതിരുന്നത് കാരണം രാജ്യം ഇന്ന് തിന്മയുടെ കൈകളിൽ അകപ്പെട്ടിരിക്കുകയാണ്. പേടിച്ച് മിണ്ടാതിരിക്കാൻ പറയുന്നതിന് പകരം ഭയത്തിന്‍റെ ഇരുണ്ട കുഴിയിലേക്ക് വെളിച്ചം തെളിച്ച് സത്യം തുറന്ന് പറയാൻ അവളുടെ കൂടെ നിൽക്കണമെന്നും മഹുവ കൂട്ടിച്ചേർത്തു.
വിവാദ കാളി പോസ്റ്റിന് പിന്നാലെ കാളി ദേവി മാംസവും മദ്യവും കഴിക്കുന്ന ദൈവമാണെന്ന് മഹുവ പറഞ്ഞിരുന്നു. സിക്കിമിൽ പോയാൽ അവിടെ കാളിക്ക് മദ്യം പ്രസാദമായി അർപ്പിക്കുന്നത് കാണാൻ സാധിക്കും. എന്നാൽ ഉത്തർപ്രദേശിൽ ഇത് മതനിന്ദയാകുമെന്നും മഹുവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

