ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ ഒമ്പതിന്, പത്രിക സമർപ്പണം 21 വരെ; വിജ്ഞാപനം പ്രസിദ്ധീകരിച്ച് കമീഷൻ
text_fieldsന്യൂഡൽഹി: സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 21 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 22ന് സൂക്ഷ്മപരിശോധന നടത്തും. 25 വരെ പത്രിക പിൻവലിക്കാനും അവസരം നൽകും. ജൂലൈ 21ന് ജഗ്ദീപ് ധൻഖർ അപ്രതീക്ഷിതമായി രാജി വെച്ചതോടെയാണ് ഉപരാഷ്ട്രപതിയുടെ സീറ്റൊഴിഞ്ഞത്. 2027 ആഗസ്റ്റ് വരെ കാലാവധിയുണ്ടായിരുന്ന ധൻഖർ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിവെച്ചത്.
ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ച്, ഒരു ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാൽ, നിലവിലുള്ളയാൾക്ക് അഞ്ച് വർഷത്തെ പൂർണ കാലാവധി ലഭിക്കും. സ്ഥാനാർഥിത്വത്തിന് ഇന്ത്യൻ പൗരർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. 35 വയസ്സ് പൂർത്തിയായിരിക്കണം. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെടാൻ യോഗ്യത ഉണ്ടായിരിക്കണം. ശമ്പളം പറ്റുന്ന ഏതെങ്കിലും പദവി വഹിക്കുന്ന വ്യക്തിക്ക് മത്സരിക്കാൻ അർഹതയില്ല.
ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഉപരിസഭയിലെ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. 543 അംഗ ലോക്‌സഭയിൽ ഒരു സീറ്റ് ഒഴിവുണ്ട്. 245 അംഗ രാജ്യസഭയിൽ അഞ്ച് ഒഴിവുകളാണുള്ളത്. ഇരുസഭകളിലെയും ആകെ അംഗസംഖ്യ 786 ആണ്. എല്ലാ യോഗ്യരായ വോട്ടർമാരും അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നതിനാൽ വിജയിക്കുന്ന സ്ഥാനാർഥിക്ക് 394 വോട്ടുകൾ ആവശ്യമാണ്.
ലോക്‌സഭയിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എക്ക് 542 അംഗങ്ങളിൽ 293 പേരുടെ പിന്തുണയുണ്ട്. രാജ്യസഭയിൽ ഭരണസഖ്യത്തിന് 129 അംഗങ്ങളുടെ പിന്തുണയുമുണ്ട്. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ഭരണഘടനാ പദവിയാണ് ഉപരാഷ്ട്രപതിയുടേത്. അഞ്ച് വർഷ കാലാവധിയിലാണ് തെരഞ്ഞെടുക്കുന്നത്. എന്നാൽ കാലാവധി അവസാനിക്കുന്നത് പരിഗണിക്കാതെ, പിൻഗാമി സ്ഥാനമേൽക്കുന്നതുവരെ തൽസ്ഥാനത്ത് തുടരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

