ആർ.എസ്.എസ് മാർച്ചിൽ പങ്കെടുത്ത നാല് അധ്യാപകർക്ക് നോട്ടീസ്
text_fieldsബംഗളൂരു: ആർ.എസ്.എസ് അംഗത്വമെടുത്ത് റൂട്ട് മാർച്ചുകളിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്കെതിരായ നടപടികൾ കർണാടകയിലെ കോൺഗ്രസ് സർക്കാർ തുടരുന്നു. ബിദാർ ജില്ലയിലെ ഔറാദ് താലൂക്കിലെ നാല് അധ്യാപകർക്ക് അധികൃതർ നോട്ടീസ് നൽകി. മഹാദേവ്, ഷാലിവൻ, പ്രകാശ്, സതീഷ് എന്നീ അധ്യാപകർക്കാണ് ഔറാദ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബി.ഇ.ഒ.) വിശദീകരണം തേടി നോട്ടീസ് നൽകിയത്.
ഒക്ടോബർ ഏഴിനും 13 നും ഔറാദിൽ നടന്ന ആർ.എസ്.എസ് മാർച്ചിലാണ് അധ്യാപകർ ആർ.എസ്.എസ് യൂനിഫോമിൽ കുറുവടിയേന്തി പങ്കെടുത്തത്. 27ന് അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദലിത് സേന നേതാക്കൾ ബി.ഇ.ഒക്ക് പരാതി നൽകി. ഇതേതുടർന്നാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്.
സർക്കാർ ജീവനക്കാരായതിനാൽ രാഷ്ട്രീയമോ മതപരമോ ആയ ഏതെങ്കിലും പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് നിങ്ങളെ വിലക്കിയിരിക്കുന്നു. ആർ.എസ്.എസ് പദയാത്രയിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങൾ സർക്കാർ സേവന നിയമങ്ങൾ ലംഘിച്ചു. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്നത് 1957 ലെ കർണാടക സിവിൽ സർവീസസ് (വർഗീകരണം, നിയന്ത്രണം, അപ്പീൽ) നിയമങ്ങൾ പ്രകാരം നിങ്ങൾക്കെതിരെ ഏകപക്ഷീയമായ നടപടി സ്വീകരിക്കുന്നതിന് കാരണമാകും -എന്ന് നോട്ടീസിൽ പറയുന്നു.
അതേസമയം, ആർ.എസ്.എസ് സംഘടിപ്പിച്ച റൂട്ട് മാർച്ചിൽ പങ്കെടുത്തതിന് പഞ്ചായത്ത് വികസന ഓഫീസർ (സെക്രട്ടറി) പ്രവീൺ കുമാറിനെ സസ്‌പെൻഡ് ചെയ്ത സർക്കാർ ഉത്തരവ് കർണാടക അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി) വ്യാഴാഴ്ച സ്റ്റേ ചെയ്തു. റായ്ച്ചൂർ ജില്ലയിലെ ലിംഗസാഗൂരിൽ നടന്ന ആർ.എസ്.എസ് പദയാത്രയിൽ പങ്കെടുത്തതിനായിരുന്നു സസ്പെൻഷൻ. കെ.എ.ടി.യിൽ തന്റെ സസ്‌പെൻഷൻ നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്നുമാണ് ഉദ്യോഗസ്ഥൻ വാദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

