ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് ഗുജറാത്തിലെ വെള്ളപ്പൊക്ക ദുരിതബാധിതർ
text_fieldsവഡോദര: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം രണ്ടാം ദിവസവും ഗുജറാത്തിലെ വഡോദരയിൽ നാശം വിതക്കുന്നു. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്റെ സഹായം തേടിയെങ്കിലും ഇപ്പോഴും പ്രദേശത്ത് കാര്യക്ഷമായി പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന പരാതികൾ ഉയർന്നിട്ടുണ്ട്. പല സ്ഥലങ്ങളിലും 10 മുതൽ 12 അടി വരെ വെള്ളം പൊങ്ങിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രിയും സർക്കാറിന്റെ വക്താവുമായ റുഷികേശ് പട്ടേൽ പറഞ്ഞു.
മൂന്ന് ദിവസത്തിനിടെ 15 പേരാണ് വെള്ളപ്പൊക്കം മൂലം മരിച്ചത്. 6,440 പേരെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും മാറ്റിപ്പാർപ്പിച്ചു. എന്നാൽ, ഒരു സഹായവും ലഭിക്കാതെ നിരവധി പേർ ഇപ്പോഴും വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുകയാണെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
വെള്ളപ്പൊക്കം മൂലം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും ഇതുമൂലം ഭക്ഷണം പോലും വാങ്ങാൻ സാധിക്കുന്നില്ലെന്നും വഡോദരയിലെ ദുരിതബാധിതരിൽ ഒരാളായ സ്ത്രീ പറഞ്ഞു. ആരും സഹായവുമായി എത്തിയിട്ടില്ല. തന്റെ പിതാവിന് നടക്കാൻ സാധിക്കില്ല. ദിവസങ്ങളായി എന്തെങ്കിലും കഴിച്ചിട്ട്. രാത്രിയും പകലും ഉറങ്ങാതെ കഴിയുകയാണെന്നും അവർ എൻ.ഡി.ടി.വിയോട് പ്രതികരിച്ചു.
ഇതേ അനുഭവം തന്നെയാണ് പ്രദേശത്തെ പലർക്കും പറയാനുള്ളത്. രക്ഷാപ്രവർത്തകർ എത്താത്തത് മൂലം പലരേയും ഇവിടെ നിന്ന് മാറ്റാൻ സാധിച്ചിട്ടില്ല. എന്നാൽ, ദുരിതബാധിതർക്ക് ഭക്ഷണം അടക്കമുള്ളവ അധികൃതർ എത്തിച്ച് കൊടുക്കുന്നുമില്ല. ഇത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

