കോൺഗ്രസിൽ ഒന്നും സംഭവിക്കുന്നില്ല ...
text_fieldsmallikarjun kharge
ന്യൂഡൽഹി: നാമനിർദേശ പത്രിക സമർപ്പിച്ച ദിവസംതന്നെ അടുത്ത കോൺഗ്രസ് പ്രസിഡന്‍റ് ആരെന്ന കാര്യം വ്യക്തം. എന്നാൽ, മല്ലികാർജുൻ ഖാർഗെ അമരം പിടിച്ചതുകൊണ്ട് കോൺഗ്രസിൽ എന്തു മാറ്റമുണ്ടാകുമെന്ന ചോദ്യത്തിന് ഉത്തരം അവ്യക്തം.
നെഹ്റു കുടുംബം ആരുടെയും പക്ഷത്തുനിൽക്കാത്ത സ്വതന്ത്ര തെരഞ്ഞെടുപ്പാണ് കോൺഗ്രസിൽ നടക്കുന്നതെന്നാണ് വ്യാഖ്യാനം. എന്നാൽ, പുതിയ പ്രസിഡന്‍റ് സ്ഥാനം ഖാർഗെക്ക് കിട്ടുന്നത് നെഹ്റു കുടുംബത്തിന്‍റെ വിശ്വസ്തൻ എന്ന നിലയിലാണ്.
പത്രിക നൽകാൻ ഒരുങ്ങിയ ദിഗ്വിജയ് സിങ്ങിനോ പത്രിക നൽകിയ ശശി തരൂരിനോ അവസരം നൽകുന്നത് നെഹ്റു കുടുംബത്തിന്‍റെയും ചുറ്റിപ്പറ്റി നിൽക്കുന്ന വിശ്വസ്ത വൃന്ദത്തിന്‍റെയും കൈപ്പിടിയിൽനിന്ന് കാര്യങ്ങൾ കൈവിട്ടുപോകാൻ ഇടയാകുമെന്ന ഭയത്തിൽനിന്നാണ് ഖാർഗെയുടെ സ്ഥാനാർഥിത്വം.
പിന്നാക്ക വിഭാഗത്തിൽ നിന്നൊരാളെ പ്രസിഡന്‍റ് പദവിയിൽ എത്തിക്കുന്നുവെന്ന അവകാശവാദത്തിൽ കഴമ്പില്ല. ആദ്യം പരിഗണിച്ച അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി കസേരയിൽ കെട്ടിപ്പിടിച്ചതു കൊണ്ട് കണ്ടെത്തിയ വിശ്വസ്തനായ പകരക്കാരൻ മാത്രമാണ് ഖാർഗെ.
നേരത്തെ ലോക്സഭയിലെന്ന പോലെ ഇപ്പോൾ രാജ്യസഭയിലും കോൺഗ്രസിന്‍റെ സഭാനേതാവ് എന്ന നിലയിൽ നല്ല പ്രകടനം ഖാർഗെ നടത്തുന്നുണ്ട്. ആ ചുമതല മറ്റൊരാൾക്ക് നൽകേണ്ടിവരുമ്പോൾ തന്നെ, പാർട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരുന്ന ഖാർഗെക്ക് സ്വതന്ത്രാധികാരമില്ല.
സ്വതന്ത്രാധികാരത്തിന് വാദിക്കുന്ന നേതാവുമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള എതിരാളികളെ നേരിടുന്നതിന് ഹിന്ദി ഹൃദയഭൂമിയിൽ നിന്നൊരു നേതാവിനെ പാർട്ടി അധ്യക്ഷനാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. തെക്കോട്ടു വേർതിരിവോടെ നോക്കാൻ വടക്കുള്ളവരെ പ്രേരിപ്പിക്കുന്ന കാലവുമാണ്.
ഗെഹ്ലോട്ടിനെ ആദ്യം പരിഗണിച്ചതും ഇതെല്ലാം മുൻനിർത്തിയാണ്. 80 കടന്ന മല്ലികാർജുൻ ഖാർഗെക്ക് പൊതുതെരഞ്ഞെടുപ്പിലും പാർട്ടി സംഘാടനത്തിലും ചുറുചുറുക്കോടെ ഓടിനടക്കാൻ പ്രയാസമുണ്ട്. വിവിധ ജനവിഭാഗങ്ങളിലേക്ക് കൂടുതൽ കടന്നുചെല്ലാൻ കഴിയുന്ന ഒരു പ്രസിഡന്‍റ് വേണമെന്ന പ്രവർത്തകരുടെ അഭിലാഷത്തിന് ഖാർഗെ ഉത്തരമാകുന്നില്ല.
മതനിരപേക്ഷ-ഭരണഘടന മൂല്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന അടിയുറച്ച കോൺഗ്രസുകാരനാണ് ഖാർഗെ. എന്നാൽ, കോൺഗ്രസിന്‍റെ പരമ്പരാഗത ശൈലിക്കപ്പുറം പുതിയ ആശയങ്ങളും മുദ്രാവാക്യങ്ങളും കണ്ടെടുക്കാൻ അദ്ദേഹത്തിന് എത്രത്തോളം കഴിയുമെന്ന സംശയം പാർട്ടി നേതാക്കൾക്കിടയിലുണ്ട്.
ഫലത്തിൽ കോൺഗ്രസ് ഇപ്പോൾ നേരിടുന്ന നിരവധി ദീനങ്ങൾക്ക് പുതിയൊരു പതാക വാഹകനെ കിട്ടിയെന്നതിനപ്പുറം, കോൺഗ്രസിൽ ഒന്നും സംഭവിക്കുന്നില്ല.
നെഹ്റു കുടുംബത്തിനപ്പുറത്തേക്ക് ചിന്തിക്കാനും പാർട്ടിയെ വളർത്താനും തക്ക നേതാക്കളുടെ ദാരിദ്ര്യമോ, അതിന് അവസരം കൊടുക്കാത്ത ഉൾപ്പാർട്ടി സാഹചര്യമോ ഒരിക്കൽകൂടി പുറത്തുകൊണ്ടുവരുകയാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

