‘മകനെ കുറിച്ചു മാത്രം ചിന്തിച്ച രാജാവ്’ -ലാലുവിനെയും തേജസ്വിയെയും ധൃതരാഷ്ട്രരും ദുര്യോധനനുമാക്കി ബി.ജെ.പി എം.എൽ.എ മൈഥിലി
text_fieldsതേജസ്വി യാദവ്, മൈഥിലി ഠാകുർ, ലാലു പ്രസാദ് യാദവ്
പട്ന: മുൻ ബിഹാർ മുഖ്യമന്ത്രിയും ആർ.ജെ.ഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവിനെയും മകൻ തേജസ്വി യാദവിനെയും മഹാഭാരത്തിലെ ധൃതരാഷ്ട്രരും ദുര്യോധനനുമായി താരതമ്യം ചെയ്ത് ബി.ജെ.പിയുടെ യുവ എം.എൽ.എ മൈഥിതി ഠാകൂർ.
ബിഹാർ നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട 25കാരി മൈഥിലി തന്റെ കന്നി പ്രസംഗത്തിലാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യർ ആയ ലാലുവിനെ പരിഹസിച്ച് അസംബ്ലിയിൽ പ്രസംഗിച്ചത്. ലാലുവിന്റെയും, നിതീഷ് കുമാറിന്റെയും ഭരണ കാലങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിനിടയിലായിരുന്നു മഹാഭാരതത്തിലെ ഐതിഹ്യ കഥാപാത്രങ്ങളെ സഭയിലെത്തിച്ചത്.
മഹാഭാരതത്തിലെ കൗരവ രാജാവായ ധൃതരാഷ്ട്രർ, ഹസ്തിനപുര എന്ന തന്റെ രാജ്യത്തേക്കാൾ, മകൻ ദുര്യോധനയെ കുറിച്ചായിരുന്നു ചിന്തിച്ചത്. അതുപോലെയാണ് ലാലു പ്രസാദ് യാദവും. സംസ്ഥാനത്തേ കുറിച്ചുള്ള ആശങ്കകളേക്കാൾ തന്റെ മകൻ തേജസ്വിയെ കുറിച്ചാണ് അദ്ദേഹം ചിന്തിച്ചതും ആശങ്കപ്പെട്ടതും -നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ മൈഥിലി പറഞ്ഞു.
മൈഥിലിയുടെ പരാമർശങ്ങളോട് ആർ.ജെ.ഡി ഉൾപ്പെടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചെങ്കിലും ഭരണപക്ഷം പിന്തുണയുമായെത്തി.
2005ന് മുമ്പ് ലാലുവിന്റെ ഭരണ കാലത്ത് വിദ്യഭ്യാസം, സുരക്ഷ, പൊതുജീവിതം ഉൾപ്പെടെ മേഖലകളിൽ സംസ്ഥാനം ഏറെ പിന്നിലായിരുന്നുവെന്ന് മൈഥിലി കന്നി പ്രസംഗത്തിൽ കുറ്റപ്പെടുത്തി. ‘വിദ്യാഭ്യാസ മേഖലയായിരുന്നു ഏറ്റവും ദുർബലം.
സർക്കാർ അധ്യാപകർക്ക് ശമ്പളത്തിനായി തങ്ങളുടെ തസ്തിക ഉറപ്പിക്കേണ്ട ഗതികേടിലായിരുന്നു. സ്കൂളുകളിൽ ഉച്ചഭക്ഷണമില്ലാത്തതിനാൽ, കുട്ടികൾ വിശന്നൊട്ടിയ വയറുമായാണ് ക്ലാസുകളിലിരുന്നത്. പെൺമക്കൾക്കും വിദ്യാഭ്യാസം നൽകാനായില്ല. എന്നിട്ടും അധികാരത്തിലിരുന്നവർ സാധാരണക്കാരോട് ഒരു കരുണയും കാട്ടിയില്ല -മൈഥിലി കടന്നാക്രമിച്ചു.
രാത്രിസമയങ്ങളിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമായിരുന്നു അന്ന്. എന്നാൽ, ഇന്ന് അർധരാത്രി കഴിഞ്ഞും പുലർച്ചെയും പുറത്തിറങ്ങാമെന്നും, പട്നയും മറ്റു നഗരങ്ങളും എപ്പോഴും സുരക്ഷിതമാണെന്നും അവർ അവകാശപ്പെട്ടു. പ്രശസ്ത പിന്നണി ഗായികയായ മൈഥിലി അലി നഗർ മണ്ഡലത്തിൽ നിന്ന് 11750 വോട്ടിന് വിജയിച്ചാണ് നിയമസഭയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

