You are here
സവർക്കർക്കല്ല, ഭാരതരത്ന നൽകേണ്ടത് ഭഗത് സിങിന് -മനീഷ് തിവാരി
ന്യൂഡൽഹി: ഭഗത്സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നീ സ്വാതന്ത്രസമര സേനാനികൾക്ക് ഭാരതരത്ന നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് എം.പി മനീഷ് തിവാരി. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് മനീഷ് തിവാരി ഇക്കാര്യം ആവശ്യപ്പെട്ടത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ മൂവരുടെയും ചെറുത്ത് നിൽപ്പുകൾ എല്ലാ തലമുറകക്കും ആവേശമാണെന്നും അദ്ദേഹം പറഞ്ഞു.
2020 ജനുവരി 26ന് മൂവർക്കും ഭാരതരത്ന നൽകുകയാണെങ്കിൽ ആ തീരുമാനം 124 കോടി ഇന്ത്യൻ ജനതയുടെയും ഹൃദയം തൊടുന്ന ഒന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയും ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ഭാരതരത്ന നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഉജ്ജ്വലമായ സംഭവമാണ് ഭഗത്സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരുടെ രക്തസാക്ഷിത്വം. 1931 മാർച്ച് 23ന് മൂവരെയും ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റുകയായിരുന്നു.