ഔറംഗാബാദ് അപകടം അവയിൽ ഒന്ന് മാത്രം; ലോക്ഡൗൺ കാരണമുള്ള മരണങ്ങൾ 383+
text_fieldsന്യൂഡൽഹി: 16 അന്തർ സംസ്ഥാന തൊഴിലാളികളുടെ ശരീരം മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ റെയിൽവേ ട്രാക്കിൽ ചിന്നിച്ചിതറിയ വാർത്ത കേട്ടാണ് വെള്ളിയാഴ്ച ഇന്ത്യ ഉണർന്നത്. മാർച്ച് 24 മുതൽ രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ജോലിയും കൂലിയുമില്ലാതായ തൊഴിലാളികൾ ശ്രമിക് ട്രെയിനിൽ നാട് പിടിക്കാനുള്ള പാസ് ലഭിക്കാത്തതിനാൽ റെയിൽവേട്രാക്കിലൂടെ കാൽനടയായി മടങ്ങാൻ ശ്രമിക്കവേയാണ് ദാരുണ സംഭവം. മധ്യപ്രദേശിൽ ശനിയാഴ്ച രാത്രി നടന്ന മറ്റൊരു സംഭവത്തിൽ ട്രക്ക് മറിഞ്ഞ് അഞ്ച് അന്തർസംസ്ഥാന തൊഴിലാളികൾ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നർസിങ്പുർ ജില്ലയിലെ പതാ ഗ്രാമത്തിലായിരുന്നു സംഭവം. തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നും ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് മാമ്പഴവുമായി പോയ ട്രക്കിൽ കയറിപ്പറ്റിയായിരുന്നു അവരുടെ യാത്ര.
ഈ ലോക്ഡൗൺ കാലത്ത് കോവിഡ് ബാധിച്ചല്ലാതെ അടച്ചുപൂട്ടലിെൻറ പരിണിത ഫലമായി മരണമടഞ്ഞവരാണ് ആ പാവങ്ങൾ. ലോക്ഡൗൺ ഏർപെടുത്തിയ ശേഷം രോഗം ബാധിച്ചല്ലാതെ 378 പേർ മരണത്തിന് കീഴടങ്ങിയതായി കണ്ടെത്തിയിരിക്കുയാണ് ജി.എൻ തേജേഷ്, കനിക ശർമ, അമാൻ എന്നീ ഗവേഷകർ. ഇതിൽ 69 പേർ ഗതികെട്ട് റെയിൽപാളത്തിലൂടെയോ റോഡുമാർഗമോ സ്വന്തം വീടുകളിലേക്കെത്താൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെട്ടാണ് മരണമടഞ്ഞത്. ആകെ ആശ്രയമായിരുന്ന പൊതുഗതാഗത സംവിധാനം മുന്നറിയിപ്പൊന്നുമില്ലാതെ നരേന്ദ്ര മോദി സർക്കാർ റദ്ദാക്കിയിരുന്നു. ഒന്നാം ഘട്ട ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് നാലുമണിക്കൂർ മുമ്പ് മാത്രമാണ് ഇതിെൻറ നോട്ടീസ് ലഭ്യമായത്.
മാധ്യമങ്ങളിൽ വരുന്ന വാർത്തകളും മറ്റ് വിവരങ്ങളും അടിസ്ഥാനപ്പെടുത്തിയായിരുന്നു ഗവേഷണം. റോഡ്/ട്രെയിൻ അപകടം (74), പട്ടിണി (47), ചികിത്സ നിഷേധം (40), പൊലീസിെൻറ ക്രൂരത (12), കാൽനടയാത്രയെത്തുടർന്നുള്ള ക്ഷീണം (26), ആത്മഹത്യ (83) എന്നിവയിലൂടെയാണ് അധികമാളുകൾക്കും ജീവൻ നഷ്ടമായത്. എല്ലാം ലോക്ഡൗണിെൻറ പരിണിത ഫലമായുണ്ടായത്. ഗവേഷണം പ്രസിദ്ധീകരിച്ച ഡേറ്റബേസ് പ്രതിദിനം അപ്ഡേറ്റ് ചെയ്യപ്പെടുന്നുണ്ട്. മാർച്ച് 29ന് ലോക്ഡൗൺ കഷ്ടതകൾ കാരണം മരിച്ചു വീഴുന്ന ആളുകളുടെ വാർത്ത ട്വിറ്ററിലൂടെ ശ്രദ്ധയിൽപെട്ടതാണ് ഇത്തരത്തിൽ പഠനം നടത്താൻ കാരണമായതെന്ന് യു.എസിലെ എമോറി സർവകലാശാലയിൽ സോഷ്യോളജിയിൽ പി.എച്ച്.ഡി ചെയ്യുന്ന കനിക ശർമ വ്യക്തമാക്കി.
കോവിഡ് അല്ലാതെ ലോക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് ആത്മഹത്യയെത്തുടർന്നാണ്. 83 പേരാണ് ഇത്തരത്തിൽ രാജ്യത്ത് ആത്മഹത്യ ചെയ്തത്. രോഗം വരുമോ എന്ന ഭയം, ജോലി നഷ്ടപ്പെടുമോ എന്ന ഭയം, മദ്യം ഉപയോഗിക്കാത്തതിനെത്തുടർന്നുണ്ടാകുന്ന അവസ്ഥ എന്നിവയാണ് പലപ്പോഴും ആളുകളെ സ്വയം ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്.
ഔറംഗാബാദിൽ നടന്ന സംഭവത്തിലാണ് ഒരപകടത്തിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടതെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. മാർച്ച് 28ന് ലോക്ഡൗൺ പ്രഖ്യാപിച്ച് അധികം വൈകാതെ കർണാടകയിലെ റായ്ചൂരിൽ നടന്ന അപകടത്തിൽ എട്ട് തൊഴിലാളികളാണ് മരിച്ചത്. ബസ് സ്റ്റോപിൽ തലചായ്ച്ച് യാത്രക്കാരായ ആളുകൾ നൽകുന്ന ഭക്ഷണം കഴിച്ച് ജീവിച്ചുപോന്നിരുന്ന 80 വയസുകാരനായ ഒരു വയോധികൻ തമിഴ്നാട്ടിൽ ഭക്ഷണം കിട്ടാതെ മരിച്ചത് ഈയിടെയാണ്. മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങവേ 100 കിലോമീറ്റിലധികം നടന്ന് തളർന്ന് വീണ് മരിച്ച 12 വയസുകാരിയുടെ വാർത്തയും നാം വായിച്ചു.
ലോക്ഡൗൺ ദുരിതങ്ങളാൽ മരിച്ച അന്തർ സംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് പുറംനാടുകളിൽ ജോലിതേടിപ്പോകുന്നത് എന്നതിനാലാണിത്. ഗാർഹിക പീഡനം കാരണം സ്വന്തം വീടുകളിലേക്ക് പോകാനാകാതെ ജീവനൊടുക്കിയ സ്ത്രീകളുമുണ്ട്.
കോവിഡ് ഭീതി കാരണം ചികിത്സ കിട്ടാതെ ആളുകൾ മരിച്ചു വീണ സംഭവങ്ങളും ഏറെയാണ്. ഏപ്രിലിൽ തെലങ്കാനയിൽ ഗർഭിണിയായ സ്ത്രീക്ക് ആറ് ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് പോസിറ്റീവായിരുന്ന സ്ത്രീയെ പരിശോധന ഫലം നെഗറ്റീവായ ശേഷം മാത്രമാണ് ഒരു സർക്കാർ ആശുപത്രിയിൽ ചികിത്സിക്കാൻ തയാറായത്. എന്നാൽ ചികിത്സ കിട്ടാൻ വൈകിയത് കാരണം നവജാത ശിശുവിെൻറ ആരോഗ്യനില വഷളാവുകയും മരിക്കുകയും ചെയ്തു. ഒരു ദിവസത്തിന് ശേഷം കുട്ടിയുടെ അമ്മയും മരണത്തിന് കീഴടങ്ങി. കശ്മീരിലും ഇരട്ടക്കുട്ടികളുടെ അമ്മ സമയത്ത് ചികിത്സ കിട്ടാതെ മരിച്ച സംഭവവും പുറത്തുവന്നിരുന്നു.
പൊലീസിെൻറ ക്രൂരതയും ഭരണകൂടത്തിെൻറ അടിച്ചമർത്തലുകളും കാരണം 12 പേർ മരിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ലോക്ഡൗണിെൻറ ഭാഗമായി നടന്ന മറ്റ് അക്രമ സംഭവങ്ങളുടെ ഭാഗമായി 14 പേരും കാരണങ്ങൾ രേഖപ്പെടുത്താത്ത 41 മരണങ്ങളും റിേപ്പാർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. വിവരങ്ങൾ സ്വരുക്കൂട്ടുന്നതിനായി ഗവേഷക സംഘം വിവിധ ഭാഷകളിലായി ‘ഗൂഗ്ൾ അലർട്ട്സിനും’ രൂപം നൽകി. കന്നഡ, മറാത്തി, ഒഡിയ, തെലുഗു, ബംഗാളി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ആളുകൾ റിപ്പോർട്ടുകൾ അയക്കും. റിപ്പോർട്ടുകൾ പരിഭാഷപ്പെടുത്താനായി വളണ്ടിയർമാരാണ് ഇവരെ സഹായിക്കുന്നത്. വിശ്വാസയോഗ്യമായ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമാണ് ശേഖരിക്കുന്നത്. അവ പരിശോധിച്ച ശേഷം രേഖപ്പെടുത്തുകയാണ് പതിവ്.
ലോക്ഡൗൺ കാരണം മരിക്കുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങൾ ശേഖരിക്കാനായിട്ടില്ലെന്ന് ഗവേഷകർ തുറന്നു സമ്മതിക്കുന്നുണ്ട്. ‘ഞങ്ങൾക്ക് ചില പരിമിതികളുണ്ട്. വളരെ ആഴത്തിൽ റിപ്പോർട്ടുകളുടെ വിശ്വാസ്യത പരിശോധിക്കൽ സാധ്യമല്ല. പല പ്രാദേശിക മാധ്യമങ്ങളിലെയും വിവരങ്ങൾ ഞങ്ങളിലേക്കെത്തുന്നില്ല. പല സംഭവങ്ങളും പുറത്തറിയുന്നുമില്ല’- കപൂർ തങ്ങളുടെ പരിമിതികൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
