പൊതു ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ പുനരധിവാസം മൗലികാവകാശമല്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പൊതു ആവശ്യത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകൾക്ക് പുനരധിവാസമോ പകരം ഭൂമിയോ മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി വിധിച്ചു. ജീവിക്കാനും ജീവിതോപാധിക്കുമുള്ള ഭരണഘടനയുടെ 21ാം അനുച്ഛേദം വ്യാഖ്യാനിച്ചാണ് അത് ഭൂമി ഏറ്റെടുക്കൽ കേസുകൾക്ക് ബാധകമല്ലാതാക്കുന്ന സുപ്രീംകോടതിയുടെ നിർണായക വിധി. പൊതു ആവശ്യത്തിനുള്ള ഭൂമി ഏറ്റെടുക്കുമ്പോൾ മാന്യമായ നഷ്ടപരിഹാരമാണ് ഭരണഘടന ഉറപ്പുനൽകുന്നതെന്നും പുനരധിവാസമല്ലെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദീവാല, ആർ. മഹാദേവൻ എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു. ഹരിയാനയിൽ ഭൂമി നഷ്ടപ്പെട്ടവർ പകരം ഭൂമി ചോദിച്ച് നൽകിയ ഹരജി തള്ളിയാണ് സുപ്രീംകോടതി വിധി. പൊതു ആവശ്യത്തിന് ഭൂമി ഏറ്റെടുക്കേണ്ടിവരുമ്പോൾ അത് ജീവിക്കാനും ജീവിതോപാധിക്കുമുള്ള അവകാശത്തിൽപ്പെടില്ലെന്ന് നിസ്സംശയം തങ്ങൾ വ്യക്തമാക്കുകയാണെന്ന് ബെഞ്ച് പറഞ്ഞു. ഇത് നിയമത്തിന്റെ ലംഘനമാകുന്നില്ലെന്ന് ബെഞ്ച് വിധിയിൽ വ്യക്തമാക്കി. സർക്കാറിന്റെ നയത്തിൽ പകരം പുനരധിവാസം പറയുന്നില്ലെങ്കിൽ പുറന്തള്ളപ്പെടുന്നയാൾക്ക് പകരം ഭൂമിയോ വീടോ നൽകാൻ ഭരണകൂടം ബാധ്യസ്ഥമല്ല.
ഈ നിയമവ്യവഹാരം എല്ലാവരുടെയും കണ്ണുതുറപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജനങ്ങളെ പ്രീണിപ്പിക്കാനുള്ള ജനപ്രിയ പുനരധിവാസ പദ്ധതികളെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി അത് പലപ്പോഴും ഭൂമി ഏറ്റെടുക്കലിനെ സങ്കീർണമാക്കുമെന്നും നീണ്ടുനിൽക്കുന്ന നിയമവ്യവഹാരങ്ങൾക്ക് വഴിവെക്കുമെന്നും കുറ്റപ്പെടുത്തി. അപൂർവങ്ങളിൽ അത്യപൂർവമായ കേസുകളിൽ മാത്രം സർക്കാർ നഷ്ടപരിഹാരമായി പണം നൽകുന്നതിന് പകരം പുനരധിവാസം ആലോചിച്ചാൽ മതി. പുനരധിവാസത്തെക്കുറിച്ച് ഭരണകൂടം ആലോചിക്കുന്നുണ്ടെങ്കിൽ പോലും ഏറ്റെടുക്കുന്ന ഭൂമിയുമായി പരമ്പരാഗതമായി ബന്ധമുള്ളവരുടെ കാര്യം മാത്രം പരിഗണിച്ചാൽ മതി.
ഭൂമി ഏറ്റെടുക്കുമ്പോൾ എത്ര സദുദ്ദേശ്യത്തോടെയാണെങ്കിലും അനാവശ്യ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള പ്രതീക്ഷ ജനങ്ങളിലുണ്ടാക്കരുത്. എല്ലായ്പോഴും ജനങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി, ഭൂമികളില്ലാതാകുന്നവരെ പുനരധിവസിപ്പിക്കാൻ സർക്കാറുകളുണ്ടാക്കുന്ന പദ്ധതികൾ ആത്യന്തികമായി പ്രയാസങ്ങളിൽ അകപ്പെടുത്തുകയാണ് ചെയ്യുക. അറ്റമില്ലാത്ത നിയമവ്യവഹാരങ്ങൾക്കാണ് അത് വഴിവെക്കുക. വിധി പറയുന്ന ഈ കേസ് അതിന്റെ ക്ലാസിക് ഉദാഹരണമാണെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

