‘അത് ബി.ജെ.പിയില്‍ ചേരുമെന്ന സൂചനയല്ല’; മോദി പ്രശംസയില്‍ വിശദീകരണവുമായി തരൂര്‍
text_fieldsന്യൂഡല്‍ഹി: ഇംഗ്ലിഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത് താന്‍ ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നതിന്റെ സൂചനയല്ലെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ സര്‍വകക്ഷിസംഘങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ വിജയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് മോദിയുടെ ഊര്‍ജസ്വലതയും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും സംബന്ധിച്ച് താന്‍ പറഞ്ഞതെന്ന് തരൂര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തിന് പിന്നാലെ മോദിയെ പുകഴ്ത്തിയുള്ള ലേഖനം തരൂര്‍ ബി.ജെ.പിയില്‍ ചേരുന്നതിന്റെ സൂചനകളാണെന്ന വിധത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തരൂരിന്റെ വിശദീകരണം. സര്‍വകക്ഷിസംഘത്തിന്റെ ദൗത്യം വിജയിച്ചതിനേക്കുറിച്ച് താന്‍ വിശദീകരിക്കുന്ന ലേഖനമായിരുന്നു അതെന്ന് തരൂർ പറഞ്ഞു.
“ദൗത്യത്തിന്റെ വിജയം എല്ലാ പാര്‍ട്ടികളുടെയും ഐക്യത്തെയാണ് വ്യക്തമാക്കിയത്. മറ്റു രാജ്യങ്ങളുമായുള്ള ഇടപെടലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊര്‍ജവും കാര്യപ്രാപ്തിയും പ്രകടിപ്പിച്ചു. ബി.ജെ.പിയുടെ വിദേശനയമെന്നോ കോണ്‍ഗ്രസിന്റെ വിദേശനയമെന്നോ ഇല്ല. ഇന്ത്യയുടെ വിദേശനയമെന്നേയുള്ളൂ. 11 കൊല്ലം മുന്‍പ് പാര്‍ലമെന്റിന്റെ എക്‌സ്റ്റേണല്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ആയ സമയത്തുതന്നെ പറഞ്ഞ കാര്യമാണിത്. പ്രധാനമന്ത്രി മോദിയുടെ പാര്‍ട്ടിയില്‍ ചേരാനൊരുങ്ങുന്നു എന്നതിന്റെ സൂചനയല്ലത്. ദേശീയ ഐക്യത്തെ കുറിച്ചുള്ള പ്രസ്താവനയാണ്” -തരൂര്‍ വ്യക്തമാക്കി.
മോദിയുടെ ഊര്‍ജവും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും ആഗോളവേദികളില്‍ ഇന്ത്യയുടെ സ്വത്താണ് എന്നായിരുന്നു ‘ദ ഹിന്ദു’വിലെ ലേഖനത്തില്‍ തരൂര്‍ പറഞ്ഞത്. പിന്നാലെ ഈ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പങ്കുവെക്കുകയും ചെയ്തിരുന്നു. ഐക്യത്തിന്റെ ശക്തി, ആശയവിനിമയത്തിന്റെ കരുത്ത് എന്നിവയിൽ മോദി ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ നടപടികൾ സ്വയം പ്രതിരോധത്തിനുള്ള നിയമാനുസൃതമായ ഒരു നടപടിയാണെന്നും, തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരതക്ക് മറുപടി നൽകുക മാത്രമാണ് ഇന്ത്യ ചെയ്തതെന്നും ഓപ്പറേഷൻ സിന്ദൂർ മുൻനിർത്തി തരൂർ പറഞ്ഞു. ഇക്കാര്യം വിദേശരാജ്യങ്ങളിൽ വിശദീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകസമിതിയിലെ സ്ഥിരാംഗമായിരുന്ന് പാർട്ടിക്കെതിരേ പ്രവർത്തിക്കുന്നതിന് തുല്യമായാണ് തരൂരിന്റെ പ്രവൃത്തിയെ നേതൃത്വം വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

