‘ഒരിക്കലും അംഗീകരിക്കാനാവില്ല’; ഇന്ത്യൻ നാവികരുടെ മരണത്തിൽ അമേരിക്കയോട് കടുത്ത അമർഷം രേഖപ്പെടുത്തി എസ്. ജയശങ്കർ
text_fieldsന്യൂഡൽഹി: യു.എസ് നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ശനിയാഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഫോണിൽ സംസാരിച്ച് ഇന്ത്യയുടെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം മാരകമായ ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ജയശങ്കർ വ്യക്തമാക്കി.
മാർക്കോ റൂബിയോയുമായി ഫോണിൽ സംസാരിച്ച വിവരം മന്ത്രി തന്റെ എക്സ് പോസ്റ്റിലൂടെ അറിയിച്ചു. "ഇന്ന് വൈകുന്നേരം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ചു. ഗൾഫ് മേഖലയിൽ യു.എസ് നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിലുള്ള ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ഞാൻ ആവർത്തിച്ചു. വാണിജ്യ കപ്പലുകൾക്കെതിരായ ഇത്തരം മാരകമായ നടപടികൾ ഒരിക്കലും നീതീകരിക്കാനാവില്ല." ജയശങ്കർ കുറിച്ചു.
ഒമാൻ ഉൾക്കടലിൽ വച്ച് 'എം.ടി സെറ്റബെല്ലോ' വാണിജ്യ ടാങ്കറിന് നേരെ യു.എസ് സൈന്യം നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഇന്ത്യൻ ജീവനക്കാർ കൊല്ലപ്പെട്ടത്. ഇറാനിയൻ തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു കപ്പലിന് നേരെ യു.എസ് സേനയുടെ ആക്രമണമുണ്ടായത്. തുടർന്ന് കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ പൗരന്മാരിൽ 21 പേരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് പേരുടെ മരണം പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഇന്ത്യൻ നാവികരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്താനായി വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച യു.എസ് ചാർജ് ഡി അഫയേഴ്‌സ് ജേസൺ മീക്സിനെ വിളിച്ചുവരുത്തിയിരുന്നു. ഒമാൻ തീരത്ത് വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക അറിയിച്ചു. ഇരുപതോളം ഇന്ത്യൻ ജീവനക്കാരുമായി പോയ മറ്റൊരു വാണിജ്യ കപ്പലിന് നേരെയും കഴിഞ്ഞ ദിവസം മേഖലയിൽ ആക്രമണമുണ്ടായിരുന്നു. കടലിലെ സുരക്ഷാ സാഹചര്യം വഷളാകുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ യു.എസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തുന്നത് ഇത് രണ്ടാം തവണയാണ്.
മേഖലയിൽ വിന്യസിച്ചിരിക്കുന്ന യു.എസ് നാവികസേനയിൽ നിന്നാണ് ഈ ആക്രമണങ്ങൾ ഉണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ സ്ഥിരീകരിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് കപ്പലുകളും വിദേശ പതാകകളുള്ളവയാണെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാന ചർച്ചകൾക്കിടയിലും ഗൾഫ് മേഖലയിൽ യു.എസ് നടത്തുന്ന സൈനിക നീക്കങ്ങൾ ഇന്ത്യൻ ജീവനക്കാരുടെ ജീവന് ഭീഷണിയാകുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

