‘ഓപറേഷൻ സിന്ദൂർ ചർച്ചയിൽ സംസാരിക്കാൻ താൽപര്യമില്ല’; തരൂർ കോൺഗ്രസിനെ നിലപാട് അറിയിച്ചു
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ ഓപറേഷൻ സിന്ദൂറും സംബന്ധിച്ച് പാർലമെന്‍റിൽ ഇന്ന് തുടങ്ങുന്ന ചർച്ചയിൽ സംസാരിക്കാൻ താൽപര്യമില്ലെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. ഇക്കാര്യം കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെ ശശി തരൂർ അറിയിച്ചു.
അതേസമയം, ചർച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ ശശി തരൂർ ഇരട്ടത്താപ്പ് നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കോൺഗ്രസ് പട്ടികയിൽ ഉൾപ്പെട്ടാൽ കേന്ദ്ര സർക്കാറിനെ പിന്തുണക്കുന്ന നിലപാടിൽ നിന്നുമാറി പാർട്ടി നിലപാടിനെ പിന്തുണച്ച് തരൂരിന് സംസാരിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ മോദി സർക്കാറിനെ പാർലമെന്‍റിൽ പിന്തുണക്കേണ്ടെന്നാണ് തരൂരിന്‍റെ പുതിയ നിലപാട്.
ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കാനുള്ള പാർട്ടി എം.പിമാരുടെ പട്ടികയിൽ ശശി തരൂരിനെയും മനീഷ് തിവാരിയെയും ഉൾപ്പെടുത്തണോ എന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ ആലോചിച്ചിരുന്നു. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് തരൂരിന്‍റെയും തിവാരിയുടെയും നിലപാടുകൾ കോൺഗ്രസ് നിലപാടിനെതിരായിരുന്നു.
അതിനാൽ ഇരുവരെയും ലോക്സഭയിലെ ചർച്ചയിൽ സംസാരിപ്പിക്കണോ എന്ന ചർച്ചയും പാർട്ടിയിൽ നടന്നു. തരൂരിനെ ഒഴിവാക്കി പട്ടിക നൽകിയാൽ വിവാദത്തിന് വഴിവെക്കുമെന്നും പാർട്ടി വിലയിരുത്തി. ഈ സാഹചര്യത്തിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കാൻ താൽപര്യമുണ്ടോ എന്ന് നേതാക്കൾ തരൂരിനോട് ചോദിച്ചിരുന്നു.
അതേസമയം, ലോക്സഭയിൽ കോൺഗ്രസിന് വേണ്ടി ലോക്സഭ കക്ഷി ഉപനേതാവ് ഗൗരവ് ഗൊഗോയിയാണ് ചർച്ചക്ക് തുടക്കമിടുക. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നീ കോൺഗ്രസ് എം.പിമാരും ചർച്ചയിൽ പങ്കെടുക്കും.
ഭീകരാക്രമണം നടത്തിയവരെ ഇനിയും പിടികൂടാൻ കഴിയാത്തതും ഓപറേഷൻ സിന്ദൂർ താൻ ഇടപെട്ട് നിർത്തിച്ചുവെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തോട് പ്രധാനമന്ത്രി മൗനം തുടരുന്നതും ഉന്നയിച്ചാണ് പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടത്.
ലോക്സഭയിൽ തിങ്കളാഴ്ചയും രാജ്യസഭയിൽ ചൊവ്വാഴ്ചയും തുടക്കമിടുന്ന ചർച്ചക്ക് ഇരുസഭകളിലും 16 മണിക്കൂർ വീതമാണ് അനുവദിച്ചത്. ലോക്സഭയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചർച്ച തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

