‘സ്വർണവും പണവുമല്ല, പെൺമക്കൾക്ക് വിവാഹ സമ്മാനമായി തോക്കും വാളും നൽകണം’ -സ്ത്രീധന പീഡനത്തിനെതിരെ യു.പിയിലെ മഹാപഞ്ചായത്ത്
text_fieldsമഹാപഞ്ചായത്തിൽ നിന്നുള്ള ദൃശ്യം
ന്യഡൽഹി: പെൺമക്കൾക്ക് വിവാഹ സമ്മാനമായി സ്വർണാഭരണങ്ങൾക്കും പണത്തിനും പകരം തോക്കും വാളും കത്തിയും നൽകാൻ രക്ഷിതാക്കളോട് ആഹ്വാനം ചെയ്ത് മഹാപഞ്ചായത്ത്. ഉത്തർപ്രദേശിലെ ഭഗ്പതിലെ ഗൗരിപൂരിൽ ചേർന്ന രജപുത് സമുദായ അംഗങ്ങളുടെ കേസരീയ മഹാപഞ്ചായത്തിലാണ് ഈ ആഹ്വാനമുയർന്നത്.
യൂ.പിയിലും ഹരിയാനയിലും ഡൽഹിയിലുമായി ഏതാനും ദിവസങ്ങൾക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ത്രീധന പീഡന കേസുകളുടെ തുടർച്ചയായാണ് സമുദായ അംഗങ്ങൾക്കിടയിൽ ബോധവൽകരണമെന്ന നിലയിൽ ഈ പരാമർശം.
വിവാഹത്തിനു ശേഷം പെൺകുട്ടികൾ നേരിടുന്ന സ്ത്രീധന പ്രശ്നങ്ങളും അക്രമണങ്ങളും തടയാൻ ആയുധങ്ങളാണ് അവർക്ക് നൽകേണ്ടതെന്ന് ആൾ ഇന്ത്യ ക്ഷത്രിയ മഹാസഭ പ്രസിഡന്റ് ഠാകുർ കുൻവാർ അജയ് പ്രതാപ് സിങ് പറഞ്ഞു. സാമൂഹിക സാഹചര്യം മാറണമെന്നും, സ്വയം പ്രതിരോധത്തിന് ആയുധങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘സാധാരണയായി മക്കൾക്ക് കന്യാദാനമായി നൽകുന്നതൊന്നും അവർക്ക് ഉപകാരപ്പെടുന്നില്ല. സമ്മാനമായി നൽകുന്ന ആഭരണങ്ങളും പണവുമായി പുറത്തിറങ്ങിയാൽ കള്ളൻമാർ കൊണ്ടുപോകുകയോ മറ്റ് കുറ്റകൃത്യങ്ങൾക്കോ, ആക്രമണങ്ങൾക്കൊ ഇരയാവുകയോ ചെയ്യും. അതിനു പകരം വാളും കത്തിയും തോക്കും നൽകിയാൽ ഇത്തരം കുറ്റകൃത്യങ്ങളെയെങ്കിലും തടയാം’ -അദ്ദേഹം പറഞ്ഞു.
അതേസമയം, മഹാപഞ്ചായത്തിലെ പ്രസംഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങൾ വഴി ശ്രദ്ധയിൽ പെട്ടതായും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഭഗപത് എസ്.പി സൂരജ് റായ് പറഞ്ഞു.
സ്ത്രീധനത്തിന്റെ പേരിൽ നോയ്ഡയിൽ നിക്കി ഭാട്ടി (28) എന്ന യുവതിയെ ഭർതൃവീട്ടുകാർ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ വിവാദമായ പശ്ചാത്തലത്തിലാണ് മഹാപഞ്ചായത്തിൽ നിന്നും സ്ത്രീധന പീഡനത്തിനെതിരെ ശബ്ദമുയരുന്നത്. യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയതിന് ദൃസാക്ഷിയായ ഏഴു വയസ്സുകാരനായ മകന്റെ മൊഴിയും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.
ഡല്‍ഹിയോട് ചേര്‍ന്നുള്ള ഗ്രേറ്റര്‍ നോയിഡ സ്വദേശി വിപിന്‍ ഭാട്ടിയുമായി നിക്കിയുടെ വിവാഹം ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. 36 ലക്ഷം രൂപ സ്ത്രീധനമാവശ്യപ്പെട്ടാണ് നിക്കിയെ വിപിന്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ശേഷം കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തിൽ നിക്കിയുടെ ഭർത്താവ് വിപിൻ ഭാട്ടി, ഭർതൃമാതാവ് ദയ ഭാട്ടി, പിതാവ് സത്യവീർ, സഹോദരൻ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

