അറസ്റ്റ് ചെയ്താൽ പോരാ, മനസ്സിലാകുന്ന ഭാഷയിൽ കാരണം ബോധ്യപ്പെടുത്തണം: സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അറസ്റ്റിലാകുന്നവർക്ക് അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്തു തന്നെ അതിന്റെ കാരണം മനസ്സിലാകുന്ന ഭാഷയിൽ രേഖാമൂലം നൽകണമെന്ന നിർണായക ഉത്തരവുമായി സുപ്രീംകോടതി. ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാനും അതുൽ ചന്ദുർക്കറും അടങ്ങുന്ന ബെഞ്ചാണ് ഭരണഘടനയുടെ 22(1) വകുപ്പ് എടുത്തുപറഞ്ഞ് അന്വേഷണ ഏജൻസികൾക്ക് ഈ ഉത്തരവ് നൽകിയത്.
കുറ്റകൃത്യം എത്ര ഗൗരവമുള്ളതായാലും കാരണം ബോധ്യപ്പെടുത്താതെ ആരെയും അറസ്റ്റ് ചെയ്യാൻ പാടില്ല. അനധികൃത പണമിടപാട് നിയമം, നിയമവിരുദ്ധ പ്രവർത്തന നിരോധന (യു.എ.പി.എ) നിയമം എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക നിയമങ്ങൾക്ക് കീഴിലുള്ള അറസ്റ്റുകൾക്കും ഈ നിബന്ധന ബാധകമാണ്. വിട്ടയച്ചയാളെ വീണ്ടും അറസ്റ്റ് ചെയ്യണമെങ്കിൽ ചില മാർഗനിർദേശങ്ങൾ പാലിക്കണം. ബന്ധപ്പെട്ട മജിസ്ട്രേറ്റിന് മുമ്പാകെ അപേക്ഷ നൽകി അതിനു അനുമതി വാങ്ങണം. അതിന് മുമ്പ് അറസ്റ്റിനുള്ള കാരണം രേഖാമൂലം ബോധ്യപ്പെടുത്തുകയും വേണം. ആദ്യം അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ മേലധികാരിയും അനുവദിക്കണം. ആദ്യം അറസ്റ്റ് ചെയ്തപ്പോൾ അതിന്റെ കാരണം ബോധിപ്പിച്ചില്ലെങ്കിൽ അപേക്ഷയിൽ വിശദീകരണം ഉൾപ്പെടുത്തണം.
ആദ്യത്തെ അറസ്റ്റ് വേളയിൽ വകുപ്പ് 22(1) ലംഘിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അച്ചടക്ക നടപടി ഉണ്ടാകണമെന്നും ജസ്റ്റിസ് ഭുയാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

