Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എല്ലാ ഹിജാബിനും ബി.ജെ.പി എതിരല്ല, മോദിയുടെ തോൽവി മറയ്ക്കുന്നവ ഇഷ്ടമാണ്’; രൂക്ഷവിമർശനവുമായി പവൻ ഖേര

text_fields
bookmark_border
‘എല്ലാ ഹിജാബിനും ബി.ജെ.പി എതിരല്ല, മോദിയുടെ തോൽവി മറയ്ക്കുന്നവ ഇഷ്ടമാണ്’; രൂക്ഷവിമർശനവുമായി പവൻ ഖേര
cancel

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പാവങ്ങൾ തിങ്ങിപ്പാർക്കുന്ന ചേരികൾ തുണിയും ബോർഡുകളും കെട്ടിമറച്ച സർക്കാർ നടപടിക്കെതി​രെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പവൻ ഖേര. ബ്രിക്സ് ഉച്ചകോടിക്ക് എത്തിയ ലോക നേതാക്കൾ കാണാതിരിക്കാനാണ് ഡൽഹിയിലെ പ്രധാന പാതകളോട് ചേർന്ന ചേരിപ്രദേശങ്ങൾ വലിയ തുണി കർട്ടനും താൽക്കാലിക ബാരിക്കേഡുകളും സ്ഥാപിച്ച് മറച്ചുവെച്ചത്.

‘എല്ലാ ഹിജാബുകളും ബിജെപിക്ക് അസ്വീകാര്യമല്ല. മോദിയുടെ പരാജയങ്ങളെ മറയ്ക്കുന്ന ഹിജാബ് അവർക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്’ എന്നായിരുന്നു പവൻ ഖേരയുടെ പരിഹാസം. പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കായി അന്താരാഷ്ട്ര നേതാക്കൾ തലസ്ഥാനത്ത് എത്തിയപ്പോഴാണ് വഴിനീളെ ചേരികൾ മറച്ചത്.

ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക യാഥാർത്ഥ്യങ്ങൾ സന്ദർശകരായ വിദേശ പ്രതിനിധികളിൽ നിന്ന് മറച്ചുവെക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ഖേര ചൂണ്ടിക്കാണിച്ചു. ചേരിപ്രദേശങ്ങൾക്ക് ചുറ്റും തുണികെട്ടിയ വീഡിയോ 'എക്സ്' പ്ലാറ്റ്‌ഫോമിൽ ഖേര പങ്കുവെച്ചു.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, മധ്യ ഡൽഹി, ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപം എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലാണ് ചേരിപ്രദേശങ്ങൾ മറച്ചത്. 2023-ലെ ജി20 ഉച്ചകോടി വേളയിലും സമാനമായ നടപടികൾ രാഷ്ട്രീയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

താൽക്കാലിക മറകൾക്കും ബാരിക്കേഡുകൾക്കുമായി ചെലവഴിക്കുന്ന പൊതുഫണ്ട് സുസ്ഥിരമായ പാർപ്പിട-നഗര ക്ഷേമ പദ്ധതികൾക്കായി വിനിയോഗിക്കുന്നതാണ് ഉചിതമെന്ന് പ്രതിപക്ഷനേതാക്കൾ ചൂണ്ടിക്കാട്ടി. സുരക്ഷ, ഗതാഗത നിയന്ത്രണം, ഔദ്യോഗിക പാതകളിലെ സൗന്ദര്യവത്കരണം എന്നിവക്കായി സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണ് താൽക്കാലിക മറകളെന്നാണ് സർക്കാർ അധികൃതരുടെ അവകാശ വാദം. അതേസമയം, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മറച്ചുവെക്കുന്നത് യഥാർത്ഥ സാമൂഹിക-സാമ്പത്തിക വികസന ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Not All Hijabs Are Unacceptable Pawan Khera’s Sharp Swipe At BJP Over Delhi Slum Curtains For BRICS Summit
Next Story