പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നു; റോഡ് തടഞ്ഞുള്ള കർഷക സമരം അംഗീകരിക്കാനാവില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പ്രതിഷേധിക്കുന്നതിന് എതിരല്ലെങ്കിലും സമരം ചെയ്യുന്ന കർഷകർ റോഡ് അനിശ്ചിതകാലം ഉപരോധിക്കാൻ പാടില്ലെന്ന് സുപ്രീംകോടതി. 'കാർഷിക നിയമത്തിനെതിരായ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ തെരുവിൽ പ്രതിഷേധം നടത്തുന്നതിന് എതിരല്ല.
എതിർപ്പ് റോഡ് തടയുന്നതിനോടാണ്': ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ സൗൾ, എം.എം. സുന്ദരേശ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. നോയിഡയിൽ നിന്ന് ദിനേന ജോലിക്ക് പോവുന്ന തനിക്ക് കർഷക സമരം മൂലം ഒട്ടേറെ പ്രയാസങ്ങളുണ്ടാകുന്നുവെന്ന മോനിക്ക അഗർവാളിെൻറ ഹരജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ആത്യന്തികമായി ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയേ മതിയാവൂ എന്ന് കോടതി കൂട്ടിച്ചേർത്തു. റോഡ് തടസ്സപ്പെടുത്തി സമരം ചെയ്യുന്നതിനെ നേരത്തെ ജസ്റ്റിസ് എ.എം. ഖാൻവിൽകറുടെ നേതൃത്വത്തിലുള്ള ബെഞ്ചും എതിർത്തിരുന്നു.
കാർഷിക നിയമങ്ങളുടെ സാധുതയെക്കുറിച്ച് കോടതിയിൽ കേസ് നടക്കുേമ്പാൾ, അതേ വിഷയം ഉയർത്തി റോഡിൽ സമരം ചെയ്യുന്നത് ശരിയല്ലെന്ന് അന്നും കോടതി പറഞ്ഞു. ഇക്കാര്യം വിശദ വാദം കേൾക്കലിനായി ബെഞ്ച് മാറ്റി വെച്ചിരിക്കുകയാണ്. അതിനിടെയാണ് യാത്രക്കാരിയുടെ ഹരജി മറ്റൊരു െബഞ്ച് പരിഗണിച്ചത്. കോടതി നിർദേശങ്ങളുണ്ടെങ്കിലും റോഡ് തടസ്സം തുടരുന്നുവെന്ന് മോനിക്ക അഗർവാൾ പരാതിപ്പെട്ടു. എന്നാൽ റോഡ് തടസ്സപ്പെടുത്തുന്നത് കർഷകരല്ല, പൊലീസാണെന്ന് കർഷക സംഘടനകൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവെ വിശദീകരിച്ചു. കർഷകരെ അതിർത്തിയിൽ തടഞ്ഞു.
അതേസമയം, നഗരമധ്യത്തിലെ രാംലീല മൈതാനിയിൽ ബി.ജെ.പി റാലി നടത്തി. ഇത്തരം വേർതിരിവ് എന്തുകൊണ്ടാണെന്ന് ദാവെ ചോദിച്ചു. സമരത്തിനു പിന്നിൽ ഗൂഢ ഉദ്ദേശ്യങ്ങളുണ്ടെന്ന് സർക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
'അതെ; കാർഷിക നിയമം പാസാക്കിയ കാര്യത്തിലെന്ന പോലെ' : ദാവെ തിരിച്ചടിച്ചു. പൊലീസ് റോഡു തടയുന്നുവെന്നാണോ പറയുന്നതെന്ന് വ്യക്തമാക്കാൻ ദാവെയോട് ബെഞ്ച് ആവശ്യപ്പെട്ടു. ഡൽഹി പൊലീസ് അത്തരത്തിൽ ക്രമീകരണം ഏർപ്പെടുത്തുന്നതു കൊണ്ടാണ് സഞ്ചാരം മുടങ്ങുന്നതെന്ന് ദാവെ വിശദീകരിച്ചു.
എന്നിട്ട് കർഷകർ റോഡ് തടയുന്നുവെന്ന തോന്നൽ ഉണ്ടാക്കുകയാണ്. കേസ് വിശാല ബെഞ്ചിന് വിടണമെന്ന് ദാവെ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട കക്ഷികൾക്ക് മറുപടി ഫയൽ ചെയ്യാൻ സാവകാശം അനുവദിച്ച കോടതി ആറാഴ്ചക്കു ശേഷം ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

