ഉഷ്ണതരംഗത്തിൽ വെന്തുരുകി ഉത്തരേന്ത്യ, മഴയിൽ മുങ്ങി ദക്ഷിണേന്ത്യ
text_fieldsന്യൂഡൽഹി: ചുട്ടുപൊള്ളിക്കുന്ന ഉഷ്ണതരംഗത്തിൽ ഉത്തരേന്ത്യ വെന്തുരുകവെ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴയുടെ നനവ്. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത വേനൽച്ചൂടാണ്. പലയിടങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസിനും മുകളിലായതോടെ അരങ്ങേറുന്ന ശക്തമായ വെയിലും വരണ്ട കാറ്റും ജനജീവിതം ദുസ്സഹമാക്കി. ഡൽഹിയിൽ ചൂട് വരുംദിവസങ്ങളിൽ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്രയിലെ വിദർഭ മേഖലകളിലും ചൂട് കഠിനമായി തുടരുകയാണ്. യു.പിയിലെ ബന്ദയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനില- 48.2 ഡിഗ്രി !
ഝാൻസി, ആഗ്ര എന്നിവിടങ്ങളിൽ 46.5 ഡിഗ്രി, പ്രയാഗ്രാജിൽ 45.8, പഞ്ചാബിലെ ഫരീദ്കോട്ടിൽ 47.3, വിദർഭയിലെ അമരാവതിയിൽ 46.8 ഡിഗ്രി എന്നിങ്ങനെയാണ് താപനില. രാത്രിയിലും താപനില ഉയർന്ന നിലയിൽ തുടരുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചു. മേയ് 25 വരെ ഉഷ്ണതരംഗം നീണ്ടുനിൽക്കുമെന്നതിനാൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഡൽഹിയിലെ വായുനിലവാരവും വഷളായിക്കൊണ്ടിരിക്കുകയാണ്.
അതേസമയം, കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിപരീത കാലാവസ്ഥയാണ്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നെയ്യൂരിൽ ഒറ്റ ദിവസം 16 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. വരുംദിവസങ്ങളിൽ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴ തുടരുമെന്നാണ് പ്രവചനം. കിഴക്കൻ ഇന്ത്യയിലും കാലാവസ്ഥാ അസ്ഥിരത പ്രകടമാണ്. ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റും കനത്ത മഴയുമുണ്ടാകുമെന്നും പ്രവചനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

