വനിത ജഡ്ജിമാരുടെ തർക്കം തീർപ്പാക്കാൻ വനിതകളില്ലാത്ത ബെഞ്ച്
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: കുഞ്ഞിന് ജന്മം നൽകുന്ന കാര്യത്തിൽ സ്ത്രീയുടെ സ്വയം നിർണയാവകാശം പരമമല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. 24 ആഴ്ച കഴിഞ്ഞ ഗർഭം അലസിപ്പിക്കുന്ന കാര്യത്തിൽ സ്ത്രീയുടെ സ്വയം നിർണയാവകാശം സംബന്ധിച്ച തർക്കത്തിലാണ് കേന്ദ്രസർക്കാറിന് വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കിയത്. സുപ്രീംകോടതിയിലെ വനിത ജഡ്ജിമാരെ രണ്ട് തട്ടിലാക്കിയ തർക്കം ചീഫ് ജസ്റ്റിസ് ഡി.െവെ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന വനിതകളില്ലാത്ത ബെഞ്ച് വെള്ളിയാഴ്ച തീർപ്പാക്കും.
26 ആഴ്ച എത്തിയ ഗർഭം അലസിപ്പിക്കാൻ രണ്ട് കുഞ്ഞുങ്ങളുടെ മാതാവ് നൽകിയ ഹരജിയാണ് വനിത ജഡ്ജിമാർക്കിടയിലെ ഭിന്നതമൂലം സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിലെത്തിയത്. പ്രസവശേഷം വിഷാദരോഗമുണ്ടായ യുവതിയെ എയിംസിൽ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ജസ്റ്റിസുമാരായ ഹിമ കൊഹ്ലിയും ബി.വി. നാഗരത്നയും പുറപ്പെടുവിച്ച ഉത്തരവ് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനെ സമീപിച്ച് അടിയന്തരമായി സ്റ്റേ ചെയ്യിച്ചതോടെ ഭിന്നത ഉടലെടുത്തു. സ്റ്റേ ചെയ്ത കേസ് ബുധനാഴ്ച അതേ ബെഞ്ച് രണ്ടാമതും പരിഗണിച്ചപ്പോൾ എയിംസിന്റെ അന്തിമ റിപ്പോർട്ട് പ്രകാരം അലസിപ്പിക്കാവുന്ന ഘട്ടത്തിലല്ലെന്ന് ജസ്റ്റിസ് ഹിമ കൊഹ്ലി വ്യക്തമാക്കി. എന്നാൽ, സ്ത്രീയുടെ ആഗ്രഹമാണ് മുഖ്യമെന്നും അവർ ആഗ്രഹിക്കാത്ത ഗർഭത്താൽ വിഷാദരോഗം ഉണ്ടായതിനാൽ അലസിപ്പിക്കാമെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന നിലപാടെടുത്തു. വനിത ജഡ്ജിമാർക്കിടയിലെ ഈ അഭിപ്രായവ്യത്യാസം മൂലം കേസ് വിശാല ബെഞ്ചിന് വിട്ടു. പ്രസവശേഷം വിഷാദരോഗമുണ്ടാകുമെന്നതിന് പുറമെ ശാരീരികമായും വൈകാരികമായും സാമ്പത്തികമായും താൻ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകാനുള്ള അവസ്ഥയിലല്ലെന്ന് യുവതി ഹരജിയിൽ ബോധിപ്പിച്ചിരുന്നു.
എന്നാൽ, ഗർഭം 24 ആഴ്ച പിന്നിട്ടു കഴിഞ്ഞാൽ ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളിലേ അലസിപ്പിക്കാൻ നിയമം അനുവദിക്കുന്നുള്ളൂ എന്ന് യുവതിയുടെ ആവശ്യത്തെ എതിർത്ത അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ബോധിപ്പിച്ചു. വനിത ജഡ്ജിമാർക്കിടയിലെ അഭിപ്രായഭിന്നതക്ക് പുറമെ ഒരു സുപ്രീംകോടതി ബെഞ്ചും കേന്ദ്രസർക്കാറുമായുള്ള ഏറ്റുമുട്ടലിന് കൂടി വഴിവെച്ച കേസായി ഇത് മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

