ഓൺലൈനിൽ ഓർഡർ ചെയ്തത് വെജ് ബിരിയാണി, കിട്ടിയത് ചിക്കൻ ബിരിയാണി; റെസ്റ്റാറന്‍റ് ജീവനക്കാരൻ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിൽ, ഫുഡ് ഡെലിവറി ആപ്പിൽ ഓർഡർ ചെയ്ത വെജിറ്റബിൾ ബിരിയാണിക്ക് പകരം കിട്ടിയത് ചിക്കൻ ബിരിയാണിയെന്ന യുവതിയുടെ ആരോപണത്തിനു പിന്നാലെ റെസ്റ്റാറന്‍റ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് യുവതി ഓൺലൈനിൽ വിഡിയോ പങ്കുവെച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. റെസ്റ്റാറന്‍റ് ജീവനക്കാർ മനഃപൂർവം തന്നെ അപമാനിക്കുകയായിരുന്നുവെന്ന് യുവതി പറയുന്ന വിഡിയോ ഇതിനകം വൈറലായിട്ടുണ്ട്.
ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി വഴിയാണ് യുവതി ഭക്ഷണം ഓർഡർ ചെയ്തത്. ‘ലഖ്നോവി കബാബ് പറാത്ത’ എന്ന റെസ്റ്റാറന്‍റിൽനിന്നാണ് വെജ് ബിരിയാണിക്ക് ഓർഡർ നൽകിയത്. ഏതാനും നിമിഷങ്ങൾക്കകം ഡെലിവറി ബോയ് ഭക്ഷണം കൈമാറി തിരികെപോയി. പിന്നാലെ കഴിക്കാൻ ആരംഭിച്ച ശേഷമാണ് ചിക്കൻ ബിരിയാണിയാണെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ അവർ റെസ്റ്റാറന്‍റിലേക്ക് വിളിച്ചെങ്കിലും അപ്പോഴേക്കും അടച്ചിരുന്നു.
സസ്യാഹാരിയായ തന്നെക്കൊണ്ട് സസ്യേതര ഭക്ഷണം കഴിപ്പിച്ച് റസ്റ്റാറന്‍റ് ജീവനക്കാർ അപമാനിച്ചെന്ന് യുവതി ആരോപിക്കുന്നു. ഭക്ഷണം പാക്ക് ചെയ്തയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ജീവനക്കാരന് അദ്ധത്തിൽ പറ്റിയ പിഴവാകാമെന്നും പൊലീസ് അറസ്റ്റിലേക്ക് കടന്നത് അൽപം കൂടിപ്പോയെന്നും അഭിപ്രായപ്പെടുന്ന കമന്‍റുകളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

