Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീതിന്യായ വ്യവസ്ഥയെ ഭയപ്പെടുത്താൻ ആർക്കും കഴിയില്ല': രാഹുൽ ഗാന്ധിയുടെ സുപ്രീം കോടതി മാർച്ചിനെതിരെ കടുത്ത നിരീക്ഷണവുമായി ചീഫ് ജസ്റ്റിസ്

text_fields
bookmark_border
നീതിന്യായ വ്യവസ്ഥയെ ഭയപ്പെടുത്താൻ ആർക്കും കഴിയില്ല: രാഹുൽ ഗാന്ധിയുടെ സുപ്രീം കോടതി മാർച്ചിനെതിരെ കടുത്ത നിരീക്ഷണവുമായി ചീഫ് ജസ്റ്റിസ്
cancel

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യാ മുന്നണി നടത്തിയ സുപ്രീം കോടതി മാർച്ചിനെയും കോടതി വളപ്പിലെ പ്രതിഷേധത്തെയും കുറിച്ച് കടുത്ത നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. "നീതിന്യായ വ്യവസ്ഥയെ ഭയപ്പെടുത്താൻ ആർക്കും കഴിയില്ല," എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധിയും മറ്റ് ഇൻഡ്യാ മുന്നണി നേതാക്കളും സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ, ചീഫ് ഇലക്ഷൻ കമ്മീഷണർ, രണ്ട് ഇലക്ഷൻ കമ്മീഷണർമാർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. നോട്ടീസ് അയക്കുന്നത് രാഷ്ട്രീയ നേതാക്കളുടെ പെരുമാറ്റത്തെ ന്യായീകരിക്കുന്നതിനല്ലെന്നും കോടതി കൂട്ടിച്ചേർത്തു.

"ഞങ്ങൾ നോട്ടീസ് അയക്കും, എന്നാൽ അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് ഞങ്ങൾക്ക് അറിയണം," ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് കുറിച്ചു. സുപ്രീം കോടതിയിലെ പ്രതിഷേധ വിഷയം സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഭിഭാഷകൻ ഗൗരവ് ഭാട്ടിയയും ഉന്നയിച്ചതിന് ശേഷമാണ് കോടതിയുടെ കടുത്ത നിരീക്ഷണങ്ങൾ ഉണ്ടായത്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ രാഷ്ട്രീയ പ്രകടനം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതിയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്തതായിരുന്നുവെന്നും ഭാട്ടിയ വാദിച്ചു. പ്രതിഷേധവും മാർച്ചും കോടതിയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണെന്ന ഭാട്ടിയയുടെ അവകാശവാദത്തിൽ, ഈ ശ്രമങ്ങൾ "നിസ്സാരം" എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. കോടതിയിലേക്ക് നടത്തിയ മാർച്ചിനെതിരെ രാഹുൽ ഗാന്ധി, അഖിലേഷ് യാദവ് എന്നിവർക്കും മറ്റുള്ളവർക്കും എതിരായ പ്രത്യേക ഹർജിയിലും കോടതി നോട്ടീസ് അയച്ചു. ഇൻഡ്യാ മുന്നണിയുടെ പ്രതിഷേധ സമയത്തെ കോടതി വളപ്പിലെ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷിച്ചുവെക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

നേരത്തെ, എസ്.ഐ.ആർ നടപടികളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി രാഹുൽ ഗാന്ധി ആവശ്യപ്പെട്ട കൂടിക്കാഴ്ചയ്ക്ക് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അനുമതി നൽകിയിരുന്നില്ല. ഉന്നയിക്കാൻ ഉദ്ദേശിക്കുന്ന വിഷയങ്ങൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അപേക്ഷ നിരസിച്ചത്. സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഉചിതമായ ആശ്വാസത്തിനായി കോടതിയെ സമീപിക്കാൻ നേതാക്കൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് എം.പി സൗഗത റോയ്, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർ.ജെ.ഡി നേതാവ് തേജസ്വി പ്രസാദ് യാദവ്, എൻ.സി.പി (എസ്.പി) നേതാവ് സുപ്രിയ സുലെ, ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്, സി.പി.ഐ നേതാവ് ഡി. രാജ, ഝാർഖണ്ഡ് മുക്തി മോർച്ച നേതാവ് മഹുവ മാജി, സി.പി.എം നേതാവ് എം.എ ബേബി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള ഹർജി സമർപ്പിച്ചത്.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ നിർദ്ദേശിക്കുക, എസ്.ഐ.ആർ തീരുമാനങ്ങളുടെ ഭരണഘടനാപരമായ സാധുത പരിശോധിക്കുക, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക, ഹർജിക്കാരുടെ പരാതികൾ പരിഹരിക്കുക, സ്വതന്ത്ര സമിതിയെക്കൊണ്ട് ഓഡിറ്റ് നടത്തുക എന്നിവയാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - nobody can browbeat judiciary chief justice on rahul gandhis supreme court march
Next Story