മന്ത്രിക്കസേരയിൽ സ്ത്രീകളില്ല, പക്ഷേ തദ്ദേശഭരണത്തിൽ കൂടുതൽ വേണം; വനിതാ സംവരണം 50 ശതമാനമാക്കി കർണാടക സർക്കാർ
text_fieldsബംഗളൂരു: കർണാടകയിൽ ഏറെക്കാലമായി മുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾക്ക് വേഗം കൂട്ടി സംസ്ഥാന സർക്കാർ. ജില്ല, താലൂക്ക് പഞ്ചായത്ത് സീറ്റുകളിലെ വനിതാ സംവരണം 33 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തിയാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.
സംസ്ഥാനത്ത് വനിതാ മന്ത്രിയില്ലാതിരിക്കെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പകുതി സീറ്റും വനിതകൾക്ക് സംവരണം ചെയ്യുന്നത്. ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റ് ആറുമാസമാകുമ്പോഴും ആരാകണം വനിതാ മന്ത്രിയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പാർട്ടി നേതാക്കൾക്കിടയിൽ വനിതാ മന്ത്രിയെ ചൊല്ലി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ്.
സംസ്ഥാനത്തെ 30 ജില്ല പഞ്ചായത്തുകളുടെയും 234 താലൂക്ക് പഞ്ചായത്തുകളുടെയും കാലാവധി 2021ൽ അവസാനിച്ചിരുന്നു. 2016ലാണ് അവസാനമായി പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടന്നത്. ഇതോടെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾ വർഷങ്ങളായി ജനപ്രതിനിധികളില്ലാത്ത അവസ്ഥയിലാണ്.
ജനുവരിയിൽ തെരഞ്ഞെടുപ്പ് നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി ഈശ്വർ ഖണ്ഡ്രെ അറിയിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ആവശ്യമായ അന്തിമ വോട്ടർപട്ടിക ഇതുവരെ തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചിട്ടില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിൽ നിന്ന് അന്തിമ വോട്ടർപട്ടിക ലഭിക്കുന്നതിലെ കാലതാമസമാണ് കാരണം.
ജില്ല പഞ്ചായത്തുകളിലെ 1,129 സീറ്റുകളിൽ 571 എണ്ണവും താലൂക്ക് പഞ്ചായത്തുകളിലെ 3,656 സീറ്റുകളിൽ 1,905 എണ്ണവും വനിതകൾക്കായി സംവരണം ചെയ്തു. ഇതോടെ ഇരു തദ്ദേശ സ്ഥാപനങ്ങളിലും പകുതിയിലധികം സീറ്റുകളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം ഉറപ്പായി.
സംസ്ഥാനത്തെ 31 ജില്ലകളിലായി വിവിധ സംവരണ വിഭാഗങ്ങൾക്കുള്ള സീറ്റുകളുടെ വിശദാംശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
കോൺഗ്രസിൽ നേതൃമാറ്റത്തിന്റെ ഭാഗമായി സിദ്ധരാമയ്യക്ക് പകരക്കാരനായാണ് ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായത്. പുരുഷന്മാർ മാത്രമുള്ള 33 അംഗ മന്ത്രിസഭയാണ് നിലവിലുള്ളത്.

