വനിതാ മന്ത്രിമാരില്ലാത്ത കർണാടക മന്ത്രിസഭ; ‘കാത്തിരിക്കൂ...’ വിമർശനങ്ങൾക്ക് ഡി.കെ. ശിവകുമാറിന്റെ മറുപടി
text_fieldsബംഗളൂരു: പുതിയ കർണാടക മന്ത്രിസഭയിൽ ഒരു വനിത മന്ത്രിയെ പോലും ഉൾപ്പെടുത്തിയിട്ടില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മന്ത്രിസഭയിൽ ഇപ്പോഴും നിരവധി ഒഴിവുകൾ ശേഷിക്കുന്നുണ്ടെന്നും അടുത്ത ഘട്ട വിപുലീകരണത്തിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇപ്പോഴും നിരവധി ഒഴിവുകളുണ്ട്. കഴിഞ്ഞ തവണയും ആദ്യഘട്ടത്തിൽ വനിതകൾ ഉണ്ടായിരുന്നില്ല. കാത്തിരിക്കൂ...’ എന്നായിരുന്നു വിമർശനങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. വനിതകൾക്കായി നിരവധി ക്ഷേമപദ്ധതികൾ കോൺഗ്രസ് സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബുധനാഴ്ചയാണ് ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ഡി.കെക്കൊപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. പരമാവധി 34 അംഗങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം.
പുതിയ മന്ത്രിസഭയിൽ വനിതാ അംഗങ്ങളുടെ അഭാവത്തിനെതിരെ പ്രതിപക്ഷമായ ബി.ജെ.പി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. മന്ത്രിസഭാ വികസനത്തിന്റെ ആദ്യ റൗണ്ടിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ പ്രതിപക്ഷ നേതാവ് ആർ അശോക ചോദ്യം ചെയ്തു. കൂടാതെ സത്യപ്രതിജ്ഞ ചടങ്ങിന് തൊട്ടുപിന്നാലെ കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയും ഈ പോരായ്മ ചൂണ്ടിക്കാണിച്ചു. കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡി.കെ. ശിവകുമാറിനും മറ്റു മന്ത്രിമാർക്കും ആശംസകൾ നേർന്ന അവർ, പുതിയ മന്ത്രിസഭയിൽ ഒരു കോൺഗ്രസ് വനിതയെയെങ്കിലും കാണാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും ഇതിൽ അങ്ങേയറ്റം നിരാശയുണ്ടെന്നും എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
കെ.ജി.എഫ് എം.എൽ.എ രൂപകല ശശിധറും മുൻ മന്ത്രി ലക്ഷ്മി ഹെബ്ബാൾകറും മന്ത്രിസഭയിൽ ഇടംനേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ആദ്യപട്ടികയിൽ ഇവർക്ക് ഇടം ലഭിച്ചില്ല. മുൻ സർക്കാറിൽ ആഭ്യന്തരമന്ത്രിയായിരുന്ന ജി. പരമേശ്വരക്കാണ് ഉപമുഖ്യമന്ത്രി പദവി നൽകിയത്. സ്പീക്കർ പദവിയിൽനിന്നാണ് മലയാളിയായ യു.ടി. ഖാദർ മന്ത്രിസഭയിലെത്തുന്നത്. ജൂൺ 18ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭ വിപുലീകരിക്കാനാണ് സാധ്യത. പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതിന് മുന്നോടിയായി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും കേന്ദ്രനേതൃത്വത്തിന് മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള പട്ടിക സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

