'എന്തുകൊണ്ട് തലപ്പത്ത് വനിതകൾ വരുന്നില്ല'; യുഎന്നിനെതിരെ ചോദ്യങ്ങളുമായി ബ്രിക്സ്
text_fieldsബ്രിക്‌സ് ഉച്ചകോടിയിൽ ലോകനേതാക്കൾ
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭ സ്ഥാപിതമായി ദശാബ്ദങ്ങൾ പിന്നിട്ടിട്ടും ജനറൽ സെക്രട്ടറി പദവിയിലേക്ക് ഇതുവരെ ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന യാഥാർത്ഥ്യം ചൂണ്ടിക്കാട്ടി ആഗോള സഭയിൽ സമഗ്ര പരിഷ്കരണത്തിന് ആഹ്വാനം ചെയ്ത് ബ്രിക്സ് കൂട്ടായ്മ. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ചേർന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ആദ്യ ദിനം അംഗീകരിച്ച 'ന്യൂഡൽഹി പ്രഖ്യാപന'ത്തിലാണ് യു.എൻ സുരക്ഷാ കൗൺസിൽ വിപുലീകരണത്തിനൊപ്പം ചരിത്രപരമായ ഈ ലിംഗ അസമത്വവും പ്രാദേശിക പ്രാതിനിധ്യക്കുറവും നേതാക്കൾ ചൂണ്ടിക്കാട്ടിയത്.
നിലവിലെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ രണ്ടാം ഊഴം ഡിസംബർ 31-ന് അവസാനിക്കാനിരിക്കെ, പുതിയ മേധാവിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ബ്രിക്സിന്റെ ഈ സുപ്രധാന പ്രസ്താവന. യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഇതുവരെ ഒരു വനിതയും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന് രേഖപ്പെടുത്തിയ പ്രഖ്യാപന രേഖ, ലാറ്റിൻ അമേരിക്ക-കരീബിയൻ മേഖലയിൽ നിന്ന് ഒരാളും ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും രണ്ട് പേർ വീതവും മാത്രമാണ് ചരിത്രത്തിൽ ഈ പദവി വഹിച്ചിട്ടുള്ളതെന്നും എടുത്തുപറഞ്ഞു. വികസ്വര രാജ്യങ്ങളിൽ നിന്നുള്ള വനിതകൾ ഉൾപ്പെടെയുള്ളവർക്ക് ആഗോള സംഘടനകളുടെ ഉന്നത നേതൃത്വത്തിൽ തുല്യവും അർത്ഥവത്തുമായ പ്രാതിനിധ്യം നൽകണമെന്ന് ബ്രിക്സ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം അംഗീകരിച്ചത്. രക്ഷാസമിതിയെ കൂടുതൽ ജനാധിപത്യപരവും കാര്യക്ഷമവുമാക്കണമെന്നും ഗ്ലോബൽ സൗത്തിന്റെ ശബ്ദം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശക്തമാക്കണമെന്നും ബ്രിക്സ് നേതാക്കൾ ആഹ്വാനം ചെയ്തു. വംശീയത, വിദ്വേഷ പ്രചാരണങ്ങൾ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ എന്നിവയ്ക്കെതിരെ ശക്തമായ രാജ്യാന്തര നടപടികൾ വേണമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

