ഗ്വാളിയാർ: ഇന്ത്യയിൽ ഗോതമ്പിന് ക്ഷാമമില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ. എങ്കിലും വിദേശത്തേക്ക് വ്യാപകമായി ധാന്യം വിൽക്കുന്നത് നിയന്ത്രിക്കാൻ കയറ്റുമതി നിരോധിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ വിപണി സന്തുലിതമാക്കുവാൻ വേണ്ടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"രാജ്യത്തിന്‍റെ താത്പര്യമാണ് മുഖ്യം. കൃത്യമായ നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ടാണ് വിപണിരംഗം സമീകരിക്കുവാൻ സാധിക്കുന്നത്. എങ്കിലും അയൽപക്ക രാജ്യങ്ങളോടുളള ഉത്തരവാദിത്വവും നിർവഹിക്കും" തോമർ പറഞ്ഞു.
ഉഷ്ണതരംഗം കാരണം ഉദ്പാദനം കുറഞ്ഞതും ആഭ്യന്തര വിപണികളിൽ ഗോതമ്പിനുണ്ടായ വില വർധനവുമാണ് വിലക്കിന് കാരണം. മേയ് 14നാണ് ഇന്ത്യ ഗോതമ്പ് കയറ്റുമതി താൽക്കാലികമായി നിർത്തിവെച്ചത്. 2021-22ലായി ഏഴ് ദശലക്ഷം ടൺ ഗോതമ്പ് കയറ്റുമതി ചെയ്തത് റെക്കോഡ് നിലയാണ്. ഇതിൽ 50 ശതമാനവും ബംഗ്ലാദേശിലേക്കായിരുന്നു. കയറ്റുമതി നിരോധിച്ചതോടെ ലോകമെമ്പാടും ഗോതമ്പ് വിലയിൽ കുതിപ്പുണ്ടായിരുന്നു.
ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചതിനെതിരെ ജി7 രാജ്യങ്ങളടക്കം രംഗത്തുവന്നിരുന്നു. ലോകത്തെ രണ്ടാമത്തെ ഗോതമ്പുത്പാദന രാജ്യമായ ഇന്ത്യയോട് തീരുമാനം പുനപരിശോധിക്കാൻ അവർ ആവശ്യപ്പെട്ടിരുന്നു.