‘വെള്ളമില്ല, വിഷം മാത്രം’: ഇൻഡോറിലെ കൂട്ടമരണങ്ങളിൽ ബി.ജെ.പിയുടെ ‘ഇരട്ട എൻജിൻ’ സർക്കാറിനെതിരെ രാഹുൽ
text_fieldsന്യൂഡൽഹി: മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് നിരവധിയാളുകൾ മരണപ്പെട്ട ദുരന്തത്തിൽ ബി.ജെ.പി നേതൃത്വം നൽകുന്ന സർക്കാറിനെതിരെ കടുത്ത ആക്രമണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശ് സർക്കാറിന്റെ ഭരണത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും പരാജയമാണ് ഇൻഡോർ ജല മലിനീകരണ പ്രതിസന്ധിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ശുദ്ധജലം ലഭിക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശമാണെന്നും ഈ കൊലപാതകത്തിന് ബി.ജെ.പിയുടെ ഇരട്ട എൻജിൻ സർക്കാരും അതിന്റെ അശ്രദ്ധമായ ഭരണകൂടവും അതിന്റെ നിർദയമായ നേതൃത്വവുമാണ് പൂർണമായും ഉത്തരവാദികൾ’ എന്നും രാഹുൽ പറഞ്ഞു.
‘ഇൻഡോറിൽ വെള്ളമില്ലായിരുന്നു. വിഷമാണ് വിതരണം ചെയ്തത്. ആ സമയത്ത് ഭരണകൂടം കുംഭകർണ്ണനെപ്പോലെ ഉറങ്ങി. വീടുകളിൽ നിന്ന് വീടുകളിലേക്ക് വിലാപം വ്യാപിച്ചു. ദരിദ്രർ നിസ്സഹായരാണ്. അതിനു പുറമേ, ബി.ജെ.പി നേതാക്കളുടെ ധാർഷ്ട്യ പ്രസ്താവനകളും. തീ തിന്നവർക്ക് ആശ്വാസം ആവശ്യമായിരുന്നു. പകരം സർക്കാർ അഹങ്കാരം വിളമ്പിയെന്നും രാഹുൽ ‘എക്സി’ൽ ആഞ്ഞടിച്ചു.
വൃത്തികെട്ടതും ദുർഗന്ധം വമിക്കുന്നതുമായ വെള്ളത്തെക്കുറിച്ച് താമസക്കാർ ആവർത്തിച്ച് പരാതിപ്പെട്ടിരുന്നുവെങ്കിലും ഭരണകൂടം നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടു. കുടിവെള്ളത്തിൽ മലിനജലം കലരാൻ എങ്ങനെ അനുവദിച്ചു? എന്തുകൊണ്ട് വിതരണം യഥാസമയം നിർത്തിവച്ചില്ല? ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും നേതാക്കൾക്കുമെതിരെ എപ്പോൾ നടപടിയെടുക്കും?- തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ചോദിച്ചു.
ആർ.ജെ.ഡി എം.പി മനോജ് ഝായും സർക്കാറിനെതിരെ വിമർശനമുന്നയിച്ചു. നിരപരാധികളായ കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടു. സർക്കാറിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു സംഖ്യ മാത്രമായിരിക്കാം. പക്ഷേ, കുടുംബങ്ങൾക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. മാത്രമല്ല, ഈ വിഷയത്തിൽ ഒരു മന്ത്രിയുടെ പെരുമാറ്റം വികാര രഹിതമായിരുന്നു. ഉത്തരവാദികൾ ആരുമില്ല. വിഷയം വഴിതിരിച്ചുവിടാൻ ഹെഡ്‌ലൈൻ മാനേജ്‌മെന്റിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

